india

ഹരിയാനയില്‍ 17 കാരിക്കെതിരെ സഹപാഠിയുടെ വെടിയുതിര്‍പ്പ്; പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്

By webdesk17

November 04, 2025

ഹരിയാന: ഫരീദാബാദില്‍ പതിനേഴുകാരി സഹപാഠിയുടെ വെടിയേറ്റു ഗുരുതരമായി പരിക്കേറ്റു. ശ്യാം കോളനിയിലെ കനിഷ്‌ക എന്ന പെണ്‍കുട്ടിയെയാണ് ജതിന്‍ മംഗ്ല എന്ന സഹപാഠി വെടിവെച്ചത്.

വെടിയുണ്ട തോളില്‍ തറച്ച കനിഷ്‌കയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കില്‍ കാത്തിരുന്ന ജതിന്‍ പെണ്‍കുട്ടിയോട് സമീപിച്ച് രണ്ട് തവണ വെടിവെച്ചതായാണ് വിവരം.

പെണ്‍കുട്ടിയുടെ സഹോദരിയുടെ മൊഴിപ്രകാരം, ജതിന്‍ നെഞ്ചിലേക്ക് വെടിവെക്കാന്‍ ശ്രമിച്ചതാണ്, എന്നാല്‍ കനിഷ്‌ക കൈകൊണ്ട് തടഞ്ഞതിനെ തുടര്‍ന്ന് ബുള്ളറ്റ് തോളില്‍ പതിച്ചു. ജതിന്‍ മുന്‍കൂട്ടി ആക്രമണം ആസൂത്രണം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

സി.സി.ടി.വി ദൃശ്യങ്ങളില്‍, ജതിന്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് തോളിലും വയറിലുമാണ് വെടിയുതിര്‍ക്കുന്നത് എന്ന് കാണുന്നു. വെടിവെച്ച ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സ്വയം നിര്‍മിച്ച തോക്കാണ് ജതിന്‍ ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തോക്ക് കണ്ടെടുത്തിട്ടുണ്ട്, പ്രതിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കനിഷ്‌കയെ ജതിന്‍ തുടര്‍ച്ചയായി പിന്തുടര്‍ന്നിരുന്നു, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ജതിന്റെ വീട്ടുകാരെ നേരത്തെ അറിയിച്ചിരുന്നുവെന്നും, വീണ്ടും ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന് പിന്നാലെയാണ് പരാതി നല്‍കിയില്ലാതിരുന്നതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.