GULF

കാറില്‍ അടിയന്തിര ലൈറ്റുകള്‍; തടവും ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു അബുദാബി കോടതി

By nazmiya nazreen

July 14, 2026

റസാഖ് ഒരുമനയൂർ

അബുദാബി: നിയമപരമായ അനുമതിയില്ലാതെ അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഘടിപ്പിച്ച വാഹനം പൊതുക്രമം തടസ്സപ്പെടുത്തിയതിന് രണ്ട് പേരെ അബുദാബി ക്രിമിനല്‍ കോടതി ശിക്ഷിച്ചു.

അടിയന്തര വാഹനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനം ആവശ്യമായ അനുമതി നേടാതെ പൊതു റോഡിലൂടെ ഓടിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒന്നാം പ്രതിക്ക് ആറ് മാസം തടവും വാഹനം കണ്ടുകെട്ടലും വിധിച്ചത്.

സുരക്ഷാ സംവിധാന വ്യാപാരത്തില്‍ വൈദഗ്ദ്ധ്യമുള്ള ഒരു കമ്പനിയുടെ മാനേജരായ രണ്ടാം പ്രതിക്ക് ആറ് മാസം തടവും 100,000 ദിര്‍ഹം പിഴയും വിധിച്ചു. ഒന്നാം പ്രതിക്ക് നല്‍കിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കമ്പനിയുടെ ഇന്‍വെന്ററി കണ്ടുകെട്ടാന്‍ ഉത്തരവിട്ടു. ആവശ്യമായ അനുമതിയില്ലാതെ അടിയന്തര സിസ്റ്റം ഉപകരണങ്ങള്‍ വിതരണം ചെയ്തതിനും ഇന്‍സ്റ്റാള്‍ ചെയ്തതിനും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി.

അടിയന്തര വാഹനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന മുന്നറിയിപ്പ് ലൈറ്റുകളുള്ള വാഹനം പൊതു റോഡിലൂടെ സഞ്ചരിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് പുറത്തുവന്നത്.

സുരക്ഷാ റിപ്പോര്‍ട്ടുകളും സ്മാര്‍ട്ട് നിരീക്ഷണ സംവിധാനങ്ങളും വഴി വാഹനം തിരിച്ചറിഞ്ഞു. അതിന്റെ ഡ്രൈവര്‍ക്ക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് നിയമപരമായ അനുമതിയില്ലെന്ന് കണ്ടെത്തി. സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഉത്തരവാദിയായ കമ്പനിയെ തിരിച്ചറിയുകയും കമ്പനി മാനേജരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് പ്രതികളെയും അബുദാബി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും കേസ് അന്വേഷിച്ച് കോടതിയിലേക്ക് റഫര്‍ ചെയ്തിരുന്നു.

നിയമപരമായ ആവശ്യകതകള്‍ പാലിക്കാന്‍ അബുദാബി ജുഡീഷ്യല്‍ വകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്വകാര്യ വാഹനങ്ങളില്‍ അടിയന്തര മുന്നറിയിപ്പ് ലൈറ്റുകളോ കേള്‍ക്കാവുന്ന സിഗ്‌നലുകളോ വില്‍ക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ സ്ഥാപിക്കുന്നതിനോ എതിരെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.