GULF

ലിവ ഈത്തപ്പഴ മേളയില്‍ ട്രാഫിക് പോയിന്റ് പ്രോഗ്രാം ഒരുക്കി അബുദാബി പോലീസ്

By nazmiya nazreen

July 14, 2026

റസാഖ് ഒരുമനയൂർ

അബുദാബി: ലിവ ഈത്തപ്പഴ മേളയില്‍ ട്രാഫിക് പോയിന്റ് പ്രോഗ്രാം ഒരുക്കിയതായി അബുദാബി പൊലീസ് അറിയിച്ചു. വിവിധ കാരണങ്ങളാല്‍ ഡ്രൈവിംഗ് ലൈസന്‍സുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.

ട്രാഫിക് പോയിന്റ് പ്രോഗ്രാം സേവനങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നതിന് 2026 ലെ ലിവ ഡേറ്റ് ഫെസ്റ്റിവലിലെ സ്റ്റാന്‍ഡ് സന്ദര്‍ശിക്കാന്‍ അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ് കമ്മ്യൂണിറ്റി അംഗങ്ങളെ ക്ഷണിച്ചു.

‘സ്മാര്‍ട്ട് റോഡ് സുരക്ഷ’ യുമായി യോജിപ്പിച്ച്, ട്രാഫിക് അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും പോലീസ് സേവനങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

2026 ജൂലൈ 17 മുതല്‍ 19 വരെയും 2026 ജൂലൈ 22 മുതല്‍ 23 വരെയുമാണ് സേവനം ലഭ്യമാകുക. ഇതില്‍ പങ്കാളികളാകുന്നവര്‍ക്ക് തങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ള ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ എടുത്തുമാറ്റുകയാണ് പൊലീസ് ചെയ്യുന്നത്. നിയമപരമായി നിലവിലുള്ള നിബന്ധനായായി വൈകുന്നേരം 4:30, 6:00, 7:30 എന്നീ സമയങ്ങളിലായി മൂന്ന് അവബോധ ക്ലാസ്സുകളാണ് ഒരുക്കിയിട്ടുള്ളത്. ബ്ലാക്ക പോയിന്റ് ഒഴിവാക്കുന്നതിന് ഇതില്‍ പങ്കാളികളാകല്‍ നിര്‍ബന്ധമാണ്.

സേവനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 30 മിനിറ്റ് മുമ്പെങ്കിലും എത്തിച്ചേരണമെന്ന് അബുദാബി പോലീസ് അറിയിച്ചു. നടപടിക്രമങ്ങള്‍ക്കായി എമിറേറ്റ്സ് ഐഡി നിര്‍ബന്ധമാണ്.