Celebrity

ശര്‍മ്മിളക്ക് അപ്രതീക്ഷിത സമ്മാനവുമായി നടന്‍ കമല്‍ഹാസന്‍; എം.പി ‘കനിമൊഴി’ ബസ് വിഷയത്തില്‍ ജോലി നഷ്ടപ്പെട്ട ശര്‍മ്മിളക്ക് ആശ്വാസം

By webdesk13

June 27, 2023

ഡി.എം.കെ എം.പി കനിമൊഴിയെ ബസില്‍ കയറ്റിയതിന്റെ പേരില്‍ ജോലി നഷ്ടമായ കോയമ്പത്തൂരിലെ വനിതാ ഡ്രൈവര്‍ക്ക് കാര്‍ സമ്മാനമായി നല്‍കി കമല്‍ഹാസന്‍. ശര്‍മ്മിളയെയും കുടുംബത്തെയും നേരിട്ട് കണ്ടാണ് കമല്‍ഹാസന്‍ പുതിയ കാര്‍ സമ്മാനിച്ചത്. ശര്‍മ്മിള ഇനി തൊഴിലാളി അല്ലെന്നും റെന്റല്‍ കാര്‍ ഉടമയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കനിമൊഴിയെ ബസില്‍ കയറ്റിയതിന് പിന്നാലെ ബസുടമയുമായി തര്‍ക്കമുണ്ടായതോടെയാണ് ശര്‍മ്മിളയ്ക്ക് ജോലി നഷ്ടമായത്. സ്വന്തം പ്രശസ്തിക്ക് വേണ്ടി ശര്‍മ്മിള കനിമൊഴിയെ ബസില്‍ കയറ്റിയെന്നായിരുന്നു ഉടമയുടെ ആരോപണം. കോയമ്പത്തൂര്‍ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് മലയാളിയായ വടവള്ളി സ്വദേശി ശര്‍മ്മിള.

ശര്‍മ്മിളക്ക് ജോലി നഷ്ടമായതിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കമിങ്ങനെ. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയില്‍ പ്രശസ്തയായ 24കാരി ശര്‍മ്മിളയെ നേരിട്ട് അഭിനന്ദിക്കാനാണ് കനിമൊഴി എം.പി എത്തിയത്. ശര്‍മ്മിളയോട് കുശലം പറഞ്ഞ് എം.പി അല്‍പസമയം വാഹനത്തില്‍ യാത്ര ചെയ്തു. എന്നാല്‍ ഈ യാത്ര വിവാദത്തിലേക്കാണ് എത്തിച്ചേര്‍ന്നത്.

യാത്രക്കിടെ വനിതാ കണ്ടക്ടര്‍ എം.പിയോട് ടിക്കറ്റ് ചോദിച്ചത് കല്ലുകടിയായെങ്കിലും ശര്‍മ്മിളയ്ക്ക് സമ്മാനങ്ങള്‍ നല്‍കി സന്തോഷത്തോടെ കനിമൊഴി മടങ്ങി. എന്നാല്‍ കണ്ടക്ടര്‍ക്കെതിരെ പരാതി പറയാന്‍ ഉടമയുടെ അടുത്ത് ശര്‍മ്മിള എത്തിയപ്പോള്‍ ബസ് ഡ്രൈവറെ ഉടമ ചീത്തപറയുകയായിരുന്നു. സ്വന്തം പ്രശസ്തിക്ക് വേണ്ടിയാണ് ഡ്രൈവര്‍ ഓരോന്ന് ചെയ്യുന്നെന്നും ബസ് ഉടമയെ വിവരം അറിയിക്കുന്നില്ലെന്നുമായിരുന്നു ഉടമയുടെ പരാതി. ജോലിക്ക് വരണമെന്ന് നിര്‍ബന്ധമില്ലെന്നും ബസ് ഉടമ പറഞ്ഞു.

സംഭവം വിവാദമായതോടെ പ്രതികരണവുമായി ഉടമ രംഗത്തെത്തിയിരുന്നു. ജോലിയില്‍ നിന്ന് താന്‍ പറഞ്ഞുവിട്ടിട്ടില്ലെന്നും ജോലി മതിയാക്കിയത് ശര്‍മ്മിളയെന്നുമായിരുന്നു ബസ് ഉടമയുടെ വാദം. സംഭവം അറിഞ്ഞ എം.പി പ്രതികരണവുമായി രംഗത്തെത്തി. ശര്‍മ്മിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി ക്രമീകരിക്കുമെന്നും കനിമൊഴി പറഞ്ഞു. കനിമൊഴിയും െ്രെഡവറും തമ്മിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.