india

മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം വനിതാ ഐഎഎസ് ഓഫീസറായി ചരിത്രം സൃഷ്ടിച്ച് അദീബ അനം

By webdesk18

April 28, 2025

2024ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മഹാരാഷ്ട്രയില്‍ നിന്ന് ഐഎഎസ് ഓഫീസറായ ആദ്യ മുസ്ലിം വനിതയായി അദീബ അനം. മഹാരാഷ്ട്ര യവത്മാല്‍ ജില്ലയില്‍ ഓട്ടോഡ്രൈവറായ അഷ്ഫാഖ് ഷൈഖിന്റെ മകളാണ് അദീബ അനം. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് അനം ഈ നേട്ടം സ്വന്തമാക്കിയത്.

27 കാരിയായ അനം മൂന്നാമത്തെ ശ്രമത്തിലാണ് 142-ാമത്തെ റാങ്ക് നേടി ഐഎഎസ് കരസ്ഥമാക്കിയത് . ‘സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ വിദ്യാഭ്യാസത്തിന് തടസ്സമാകാന്‍ എന്റെ മാതാപിതാക്കള്‍ ഒരിക്കലും സമ്മതിച്ചില്ല. വിദ്യാഭ്യാസം എല്ലാ വാതിലുകളും തുറക്കും എന്നായിരുന്നു അവരുടെ വിശ്വാസം’ അദീബ അഭിമുഖത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം എന്നീ മേഖലകളില്‍ സേവനം ചെയ്യുകയാണ് അനത്തിന്റെ പ്രധാന ലക്ഷ്യം. ‘ഒരു പെണ്‍കുട്ടിയും തന്റെ ജന്മസ്ഥലത്തിന്റെയോ കുടുംബത്തിന്റെ വരുമാനത്തിന്റെയോ പേരില്‍ സ്വപ്നങ്ങള്‍ ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാകരുത്,’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അദീബയുടെ നേട്ടം സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിലെ യുവതികള്‍ക്ക് വലിയ പ്രചോദനമായിരിക്കുകയാണ്.