ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ ഘര്‍വാപസി സംബന്ധിച്ച പ്രസ്താവനക്കെതിരെ കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണിത്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അവകാശങ്ങളെയും മൂല്യങ്ങളെയും വിലമതിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത പ്രസ്താവനയാണിതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സംഘ്പരിവാറിന്റെ ‘ഘര്‍ വാപസി’ പദ്ധതിയെ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി പ്രകീര്‍ത്തിച്ചിരുന്നുവെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞത്. ഹിന്ദുമതത്തിലേക്ക് ആളുകളെ തിരിച്ചുകൊണ്ടുവരാനുള്ള ഇത്തരം പരിപാടിയുണ്ടായിരുന്നില്ലെങ്കില്‍ ആദിവാസികളില്‍ ഒരു വിഭാഗം ദേശദ്രോഹികളായി മാറുമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടതായും ഭഗവത് പറഞ്ഞു.
എന്നാല്‍, മുന്‍ ഇന്ത്യന്‍ പ്രസിഡന്റിനെ ഉദ്ധരിച്ചുകൊണ്ടുള്ള ഈ പ്രസ്താവനയില്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍നിന്നും വലിയ പ്രതിഷേധമുണ്ടെന്ന് കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഈ എതിര്‍പ്പിന് നിരവധി വ്യക്തമായ കാരണങ്ങളുണ്ട്. 2012 മുതല്‍ 2017 വരെ പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു.
ഈ ഘട്ടത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹം പൊതുപ്രസംഗങ്ങളില്‍ ഘര്‍വാപസിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. രാജ്യത്തിന്റെ ഭരണഘടനാ തലവന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അങ്ങനെ ചെയ്യാനുള്ള അവകാശമുണ്ട്. ഇനി മോഹന്‍ ഭഗവതുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയിലാണ് അത് പറഞ്ഞതെങ്കില്‍ ഇപ്പോള്‍ എങ്ങനെയാണ് അത് പരസ്യമാകുന്നത്. 2020ലാണ് മുഖര്‍ജി മരിക്കുന്നത്.
ആദിവാസികള്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കുമെല്ലാം അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. അവരില്‍ അധികപേരും പ്രകൃതിയെ ആരാധിക്കുന്നവരാണ്. അവരെ ‘ഘര്‍വാപസി’ നടത്തി ഹിന്ദു മതത്തിലേക്ക് കൊണ്ടുവരുന്നത് അവരുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെയുള്ള അപമാനവും അവഹേളനവുമാണ്.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഇന്ത്യയിലെ ഓരോ പൗരനും തന്റെ വിശ്വാസം സ്വതന്ത്രമായി പ്രഖ്യാപിക്കാനും അനുവര്‍ത്തിക്കാനും പ്രചരിപ്പിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനുമുള്ള ഉറപ്പ് നല്‍കുന്നുണ്ട്. മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ 25ഉം ഇത് തന്നെയാണ് ഊന്നിപ്പറയുന്നത്. ആദിവാസികള്‍ക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും സ്വീകരിക്കാനും അവകാശമുണ്ട്. ദേശവിരുദ്ധരെ ക്രിസ്ത്യാനികളുമായി തുലനം ചെയ്യുന്നത് തീര്‍ത്തും നിര്‍വികാരമാണെന്ന് മാത്രമല്ല, രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ ധാര്‍മികതയുടെ കടുത്ത ലംഘനവുമാണ്.
ആരാണ് രാജ്യത്തിന്റെ യഥാര്‍ഥ ‘ദേശ വിരുദ്ധര്‍’ എന്നതില്‍ ഭഗവതും കൂട്ടരും ഗൗരവതരമായ അന്വേഷണം നടത്തണം. ക്രിസ്ത്യാനികള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ഈ വിദ്വേഷവും അക്രമാസക്തമായ പ്രസ്താവനകളും ഭഗവതും കൂട്ടരും ഉടന്‍ അവസാനിപ്പിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.