india

വഖഫ് ബില്ലിനെ പിന്തുണച്ചതിന് ജെഡിയുക്ക് പിന്നാലെ ആര്‍എല്‍ഡിയിലും പൊട്ടിത്തെറി; രണ്ടായിരത്തിലധികം ആളുകള്‍ പാര്‍ട്ടി വിടുമെന്ന് രാജിവെച്ച ജനറല്‍ സെക്രട്ടറി

By webdesk13

April 05, 2025

വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ എന്‍ഡിഎയുടെ ഭാഗമായ രാഷ്ട്രീയ ലോക്ദളില്‍(ആര്‍എല്‍ഡി) പൊട്ടിത്തെറി. ഉത്തര്‍പ്രദേശ് ആര്‍എല്‍ഡി ജനറല്‍ സെക്രട്ടറി ഷഹസീബ് റിസ്വി രാജിവെച്ചു. പാര്‍ലമെന്റില്‍ വഖഫ് ബില്ലിനെ പിന്തുണയ്ക്കുന്നതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് അദ്ദേഹത്തിന്റെ രാജി. ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിലെ (എന്‍ഡിഎ) പ്രധാനപ്പെട്ടൊരു ഘടകകക്ഷിയാണ് ആര്‍എല്‍ഡി.

വഖഫ് ബില്ലിനെ പിന്തുണയ്ക്കാനുള്ള ആര്‍എല്‍ഡി ദേശീയ പ്രസിഡന്റ് ജയന്ത് ചൗധരിയുടെ തീരുമാനത്തില്‍ താന്‍ രോഷാകുലനാണെന്ന് രാജിക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് റിസ്വി പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടും എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ ഭാവി സംബന്ധിച്ച് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ അനുയായികളുമായി കൂടിയാലോചിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ട്. രണ്ടായിരത്തിലധികം ആര്‍എല്‍ഡി പ്രവര്‍ത്തകര്‍ തന്നോടൊപ്പം രാജിവയ്ക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. മുസ്ലിം വോട്ടര്‍മാരുടെ വികാരങ്ങളെ ദേശീയ പ്രസിഡന്റ് ചൗധരി അവഗണിച്ചുവെന്ന് റിസ്വി പറഞ്ഞു.

‘ഇന്ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ആര്‍എല്‍ഡിക്ക് 10 എംഎല്‍എമാരുണ്ടെങ്കില്‍, മുസ്ലിംകള്‍ക്ക് ഇതില്‍ നിര്‍ണായക പങ്കുണ്ട്. ചൗധരി ചരണ്‍ സിംഗ് കാണിച്ച പാതയില്‍ നിന്ന് ഇപ്പോഴത്തെ നേതൃത്വം വ്യതിചലിച്ചുവെന്നും’- അദ്ദേഹം വ്യക്തമാക്കി. അതേസമയം വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ബിഹാറിലെ ജെഡിയുവിലും നേതാക്കളുടെ കൂട്ടരാജിയാണ്. അഞ്ച് മുതിര്‍ന്ന നേതാക്കളാണ് ബില്ലിനെ അനുകൂലിച്ച നിലപാടില്‍ പ്രതിഷേധിച്ച് ജെഡിയു വിട്ടത്. പാര്‍ട്ടിയുടെ യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്രീസ് ഹസന്‍ ആണ് അവസാനം രാജിവച്ചത്.