Connect with us

india

അമിത്ഷായുടെ അംബേദ്കർ

Published

on

കെ .പി ജലീൽ

ഡിസംബർ 17ന് ഇന്ത്യൻ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ രാജ്യസഭയിൽ ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശം രാജ്യത്ത് വലിയ വിവാദത്തിന് തിരുകൊളുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ദളിതരുടെ എക്കാലത്തെയും നേതാവും ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയുമായ ഡോ. ഭീം റാവു അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് ‘ അംബേദ്കർ, അംബേദ്കർ ,അംബേദ്കർ, അംബേദ്കർ എന്ന് കോൺഗ്രസ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ദൈവത്തിൻറെ നാമം ഇതുപോലെ ഉച്ചരിച്ചാൽ 7 ജന്മം ഇവർക്ക് സ്വർഗ്ഗം ലഭിക്കും” എന്നായിരുന്നു അമിത്ഷായുടെ വിചിത്രമായ പ്രസ്താവന .പാർലമെൻറിൽ ഭരണഘടനയുടെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന അംഗങ്ങളുടെ ചർച്ചയിലാണ് അമിത് ഷാ ഈ വിചിത്രവാദം നടത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോക്സഭാ സമ്മേളനം ഈ പ്രസ്താവനയിൽ കുടുങ്ങിപ്പോയി .മാത്രമല്ല അത് അമിത്ഷായുടെയും കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെ തന്നെയും ആകെ മുഖം തുറന്നുകാട്ടുന്നതുമായി. ദളിത് വിരുദ്ധതയും ജാതീയതിയും ഹിന്ദു രാഷ്ട്രവാദവും ന്യൂനപക്ഷ വിരോധവും കൊണ്ടുനടക്കുന്ന സംഘപരിവാരത്തിന്റെ യഥാർത്ഥ മുഖമാണ് ഷായുടെ വായിൽ നിന്ന് അറിയാതെയെങ്കിലും വീണ മേൽപ്രസ്താവന. ഒരുപക്ഷേ അംബേദ്കറെ കൊണ്ടുനടക്കാനും ദലിത് വോട്ടുകൾ പരമാവധി സമാഹരിക്കാനും പരമാവധി പരിശ്രമിക്കുന്ന കാലത്താണ് ബിജെപിക്കും സംഘപരിവാറിനും ഈയൊരു അക്കിടി പറ്റിയിരിക്കുന്നത്.

കാലത്തിൻറെ കാവ്യനീതി എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ. സംഘപരിവാരം ആർഎസ്എസ് ബിജെപി തുടങ്ങിയ സംഘടനകളുടെ ആകെത്തുകയാണ്. ഇവർക്കെല്ലാം ഒറ്റ നേതാവ് മാത്രമേ ഉള്ളൂ .അത് സവർക്കർ ആണ് .വീർ എന്ന് ചേർത്ത് ഇവർ വിളിക്കുന്ന സവർക്കർ ഡോ. ബി ആർ അംബേദ്കറുടെ അതേ സംസ്ഥാനത്തുകാരനാണ് – മഹാരാഷ്ട്ര .മഹാരാഷ്ട്രയിൽ ആണ് രാജ്യത്തെ ഏറ്റവും കൂടുതൽ ദളിതർ ഇന്നും അധിവസിക്കുന്നതും ഏറ്റവും കൂടുതൽ പീഡനം മേൽജാതിക്കാരിൽ നിന്ന് അനുഭവിക്കേണ്ടി വരുന്നതും.
ഏതാനും മാസംമുമ്പാണ് കൂലി ചോദിച്ചതിന് ഒരു ദളിതന്റെ മുഖത്ത് മേൽജാതിക്കാരൻ മൂത്രിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. വിവാഹത്തിന് അണിഞ്ഞൊരുങ്ങി കുതിരപ്പുറത്ത് പോയ ദളിത് വധൂവരന്മാർക്ക് നേരെ ആക്രോശിക്കുകയും അവരെ പൊതുവേ തല്ലുകയുംചെയ്ത ജാതിക്കോമരങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്.

ഇന്നും സമൂഹത്തിൻറെ വഴിയോരങ്ങളിലെ മാലിന്യങ്ങൾ തിന്ന് ജീവിക്കേണ്ട അവസ്ഥയിലാണ് ദളിതർ .മൃഗങ്ങളുടെയും മറ്റും തോലുരിഞ്ഞ് അവ വിറ്റാണ് ഇന്നും ദളിതർ തങ്ങളുടെ ഉപജീവനം കണ്ടെത്തുന്നത് .കക്കൂസ് മാലിന്യങ്ങൾ കോരാൻ മറ്റൊരു ജാതിക്കാരും ഈ നൂറ്റാണ്ടിലും ഇന്ത്യയിൽ ഇല്ല . ജാതീയത അഥവാ ചാതുർവർണ്യം ആണ് ഹിന്ദുത്വത്തിന്റെ അടിത്തറ. ഹിന്ദുമതം സകല ജാതികളുടെയും ആകെത്തുകയാണ്. ജാതീയത നിലനിൽക്കണമെന്ന സ്വാതന്ത്ര്യ കാല ഹിന്ദുത്വവാദികളുടെ അതേ ആശയമാണ് ഇന്നും സംഘപരിവാരം പിന്തുടരുന്നത്. കോൺഗ്രസ് ഗവൺമെൻ്റുകളുടെ പിഴവിൽ സംഭവിച്ച അധികാരാരോഹണമാണ് ബിജെപിക്ക് തുടർഭരണമായി ഇന്നുള്ളത്. അവർ ദളിതുകളെയും പിന്നോക്ക ന്യൂനപക്ഷങ്ങളെയും പാട്ടിലാക്കി അധികാരം പിടിക്കുന്നു. എന്നാൽ ദളിതുകൾ ന്യൂനപക്ഷങ്ങളെ പോലെ തങ്ങളുടെ സ്വത്വം തിരിച്ചറിഞ്ഞ് ബിജെപിക്കെതിരെ അണിനിരക്കുന്നതാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്ന് കാണാൻ കഴിയുന്നത് .

അംബേദ്കറെ കുറിച്ച് തെറ്റായ ധാരണകൾ പരത്താനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത് .
ആദ്യമായി 2002 ഏപ്രിൽ 14ന് അംബേദ്കർ ജയന്തി ആഘോഷം ബിജെപി ഏറ്റെടുക്കുകയുണ്ടായി .അന്ന് പതിനൊന്നിന ആശയ പ്രചാരണപരിപാടി അവർ ദളിതർക്ക് മുമ്പാകെ അവതരിപ്പിച്ചു. അംബേദ്കർ ഹിന്ദുത്വത്തിന്റെ വക്താവാണെന്നായിരുന്നു അതിൽ ഒരു വ്യാഖ്യാനം . ഹിന്ദുത്വത്തെ വർഗീയതയും ഒരുകാലത്തും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്ന് മാത്രമല്ല ശക്തമായി എതിർക്കുകയാണ് അംബേദ്കർ ചെയ്തത്. സവർക്കർ മനുസ്മൃതി ഇന്ത്യൻ ഭരണഘടനയാവണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനെ കത്തിക്കുകയാണ് ഡോക്ടർ അംബേദ്കർ ചെയ്തത് .1927 ഡിസംബർ 25 ന് സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിലെ പൊതുയോഗത്തിൽ വച്ച് പരസ്യമായി മനുസ്മൃതി അംബേദ്കറും അണികളും ചേർന്ന് കത്തിക്കുകയുണ്ടായി .”

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആവുകയാണെങ്കിൽ അത് ഈ രാജ്യത്തിൻറെ ദുരന്തമായിരിക്കു” മെന്ന് അദ്ദേഹം പലതവണ പ്രഖ്യാപിച്ചു. ആർഎസ്എസ് നേതാവ് സവർക്കറുമായി അംബേദ്കർക്ക് പലവിധത്തിൽ ആശയവിനിമയം ഉണ്ടായെങ്കിലും ,
ഓരോ ആശയ സംവാദത്തിലും ഹിന്ദു നിയമങ്ങളെയും ചതുർവർണ്യത്തെയും ശക്തമായി എതിർക്കുകയാണ് അദ്ദേഹം ചെയ്തത് .മനുസ്മൃതിയും സംഘപരിവാരവും ജാതീയതയെ അതേ രൂപത്തിൽ നിലനിർത്തി വിവിധ ജാതികളുടെ ഏകോപനമാണ് ലക്ഷ്യമിടുന്നതെങ്കിൽ, അതല്ല പൂർണമായും ചാതുർവർണ്യവും ജാതീയതയും ഉപേക്ഷിക്കണം എന്നാണ് അംബേദ്കർ സവർക്കളോട് നേരിൽ ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ അയിത്തജാതിക്കാർക്കായി ക്ഷേത്രം തുറക്കണമെന്ന് സവർക്കർ ആവശ്യപ്പെട്ടപ്പോൾ അതിന് താൻ എത്തില്ലെന്ന് അദ്ദേഹം മറുപടി നൽകി. കാരണം അയിത്ത ജാതിക്കാർക്കുള്ള ക്ഷേത്രമല്ല തങ്ങൾക്ക് വേണ്ടത് എന്ന് അംബേദ്കർ തുറന്നടിച്ചു.

” പലരും ഞങ്ങൾ ഹിന്ദുക്കളാണ്, മുസ്ലീങ്ങളാണ് ,ക്രിസ്ത്യാനികളാണ് പിന്നീടാണ് ഇന്ത്യക്കാരൻ എന്ന് പറയാറുണ്ട്. എന്നാൽ ആദ്യവും അവസാനവും ഞാൻ ഇന്ത്യക്കാരനാണ് ” എന്നായിരുന്നു അംബേദ്കറുടെ വിശദീകരണം. മനുസ്മൃതിയിൽ പറയുന്ന ഓരോ വിതണ്ഡവാദങ്ങളും ഇന്നും സംഘപരിവാറിന് അപ്തവാക്യങ്ങളാണ്. ദളിതുകളെ അടിച്ചമർത്തി ഏതാനും ചെറിയ ന്യൂനപക്ഷമായ സവർണർ അധികാരത്തിന്റെ മേൽക്കോയ്മയിൽ വാഴുമ്പോൾ ദളിതർക്ക് പൂർണ സ്വാതന്ത്ര്യം ലഭിക്കില്ലെന്ന് അദ്ദേഹം വാദിച്ചു. ഒരിക്കലും അതിനെ അംഗീകരിക്കാൻ ആവില്ല .ഇന്ത്യൻ മതേതരത്വം നിലനിൽക്കണമെങ്കിൽ എല്ലാ ജാതി മത വിഭാഗങ്ങളുടെയും കൂട്ടായ്മയാണ് ഉണ്ടാവേണ്ടതെന്ന് വാദിച്ച ഹിന്ദുത്വം മനുസ്മൃതിയിൽ അധിഷ്ഠിതമായ രാഷ്ട്രീയത്തെയും ഏകമത സംവിധാനത്തെയും ആണ് സംഘപരിവാരം കൊണ്ടാടുന്നതെങ്കിൽ തികഞ്ഞ മതേതരത്വമാണ് ഇന്ത്യക്ക് വേണ്ടത് എന്നായിരുന്നു അംബേദ്കറുടെ വാദം.

ഭരണഘടനാ സഭ 1948ൽ അംഗീകരിച്ച ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വമാണ് അതിൻ്റെ ഏറ്റവും വലിയ തെളിവ്. സ്വന്തമായ രാഷ്ട്രം – പാകിസ്ഥാൻ വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടപ്പോൾ അവരെ അതിന് പിന്തിരിപ്പിക്കാൻ ഇന്ത്യക്കാർ ഒരുമിച്ച് ശ്രമിക്കണമെന്ന് കോൺഗ്രസ് , സംഘപരിവാർ നേതാക്കളോട് അംബേദ്കർ ആവശ്യപ്പെട്ടു. ദളിത് – മുസ് ലിം കൂട്ടായ്മ ഉണ്ടായതും അതിനായി പ്രവർത്തിക്കാനും നിയമനിർമ്മാണ സഭകളിൽ അംഗത്വം നേടാനും കഴിഞ്ഞത് അതുകൊണ്ടാണ്. 1952ൽ ഹിന്ദു കോഡ് ബിൽ അവതരിപ്പിച്ചുകൊണ്ട് പാർലമെൻറിൽ നിയമ മന്ത്രിയായിരുന്ന അംബേദ്കർ നടത്തിയ പ്രസംഗം അതേസമയം സംഘപരിവാറിന് ഉൾക്കൊള്ളാനായില്ല. സംഘപരിവാരത്തിന്റെ കടുത്ത ഭീഷണിയിലാണ് അദ്ദേഹം ഒടുവിൽ തൻറെ നിയമമന്ത്രിസ്ഥാനം രാജിവെക്കുന്നത് .ഹിന്ദു സ്ത്രീകളുടെ സ്വാതന്ത്ര്യം ആയിരുന്നു ഹിന്ദു കോഡ് ബില്ലിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ ഇന്ത്യയിലെ ആദ്യത്തെയും അവസാനത്തെയും മന്ത്രിയാണ് ഡോ. ബി ആർ അംബേദ്കർ .കൊലപ്പെടുത്തുമെന്ന് വരെ ഹിന്ദു കോഡ് ബില്ലിന്റെ പേരിൽ സവർണർ ഭീഷണി മുഴക്കി .

ഈ സംഘപരിവാരമാണ് ഇപ്പോൾ അംബേദ്കർക്കെതിരെ പരോക്ഷമായെങ്കിലും തിരിഞ്ഞിരിക്കുന്നത്. ഇതോടെ അവരുടെ ദളിത് വിരോധം പുറത്ത് ചാടിയിരിക്കുകയാണ് വീണ്ടും. ദളിതരും ന്യൂനപക്ഷങ്ങളും എന്നും സവർണ്ണരുടെയും സംഘപരിവാറിന്റെയും ചൊൽപടിക്ക് നിൽക്കണമെന്ന് തന്നെയാണ് അവർ ആവശ്യപ്പെടുന്നത്. അതിന് പറ്റില്ലെന്ന് മറുപക്ഷം പറയുന്നു. ഈഭീഷണിയെ നേരിടാൻ അവർ ഹിന്ദുരാഷ്ട്രവാദം ഉന്നയിച്ച് സകല ജാതികളുടെയും കൂട്ടായ്മ ഉദ്ദേശിക്കുകയും മതേതരത്വം ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മോദിയുടെ കാലത്താണ് ഇതിന് ഏറെ പ്രാധാന്യം ലഭിച്ചത് .മോദി -അമിത്ഷാ കൂട്ടുകെട്ടിൽ ആർഎസ്എസ് രാജ്യാധികാരം വാഴുമ്പോൾ ദളിതർക്ക് രാജ്യത്താകമാനം പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ കടുത്ത പീഡനങ്ങൾ അനുഭവിക്കേണ്ടിവരുന്നു. പരസ്യമായി വഴിയോരങ്ങളിൽ കൊല ചെയ്യപ്പെടേണ്ടിവരുന്നു. ഹ ത്രാസിലും ഉന്നാവിലും കൊല്ലപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും ദളിത് പെൺകുട്ടികളാണ് .ഹത്രാസിൽ സംസ്കരിക്കാൻ പോലും സാധിക്കാതെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ മൃതശരീരം കത്തിച്ചു കളയുകയാണുണ്ടായത്. യോഗിയുടെ യു.പി യിൽ ദളിത് പീഡനം നിത്യസംഭവമാണിന്ന്. അതിന് അടിവരയിടുന്ന പ്രസ്താവനയാണ് സനാതനമാണ് ദേശീയ മതമെന്ന മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ പ്രസ്താവനയും.
ഇന്ത്യയെ മനുസ്മൃതിയിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവുംവലിയ വെല്ലുവിളി അംബേദ്കറുടെ ഇന്നും ജീവിക്കുന്ന ആശയങ്ങൾ തന്നെയാണ് .അത് മതേതര ഇന്ത്യയുള്ള കാലത്തോളം നിലനിൽക്കുക തന്നെ ചെയ്യും.

india

ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം

കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.

Published

on

ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.

ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.

അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.

Continue Reading

india

ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്‍ (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.

പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.

Continue Reading

india

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Published

on

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.

അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

വോട്ടെടുപ്പിനുശേഷം നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര്‍ വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന്‍ പറഞ്ഞു.

Continue Reading

Trending