kerala

ലോകകപ്പ് വിജയിയെ കൃത്യമായി പ്രവചിച്ച് കോഴിക്കോട് സ്വദേശി ആറാംക്ലാസുകാരി.

By Chandrika Web

December 20, 2022

ലോകകപ്പ് വിജയിയെ കൃത്യമായി പ്രവചിച്ച് കോഴിക്കോട് സ്വദേശി ആറാംക്ലാസുകാരി. നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഐഫയാണ് ഈ മിടുക്കി. സ്‌കൂളില്‍ നടത്തിയ മല്‍സരത്തില്‍ കടലാസ് കഷണത്തിലാണ് പ്രവചനം നടത്തിയത്. അര്‍ജന്റീനയും ഫ്രാന്‍സും മൂന്നുഗോള്‍ വീതം നേടുമെന്നും പിന്നീട് പെനാള്‍ട്ടിയിലും അര്‍ജന്റീന 4-2ന് വിജയിക്കുമെന്നുമായിരുന്നു പ്രവചനം.

ഇന്നാണ് പ്രവചനഫലം പുറത്തായത്. 600 കുട്ടികളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. ഇതില്‍ ഐഫയുടെ പ്രവചനം മാത്രമാണ് ശരിയായത്. അര്‍ജന്റീനയും ഫ്രാന്‍സും തുല്യശക്തികളായതിനാലാണ് ഇങ്ങനെ പ്രവചിച്ചതെന്ന് ഐഫ പറഞ്ഞു. അര്‍ജന്റീനയുടെ ആരാധികയാണ്. നടുവണ്ണൂര്‍ നെടുങ്കണ്ടി നെല്ലാം വീട്ടില്‍ സലീമിന്റെയുംറസീനയുടെയും മകളാണ്. ഷീല്‍ഡ്, ലോകകപ്പ് ലോഗോ, ഫുട്‌ബോള്‍ എന്നിവയാണ് സമ്മാനം. പി.ടി.എയാണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്. പ്രധാനാധ്യാപകന്‍ മുനാസ് സമ്മാനദാനം നിര്‍വഹിച്ചു.