india

ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നത് കരിനിയമം, ഞങ്ങള്‍ക്കത് പാര്‍ട്ടി വിഷയമായിരുന്നില്ല; വിബിജി റാം ജിക്കെതിരെ സോണിയ ഗാന്ധി

By webdesk14

December 20, 2025

ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എംജിഎൻആർഇജിഎ) അട്ടിമറിച്ചതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എം പി. എംജിഎൻആർഇജിഎ പദ്ധതിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ പ്രതികരിക്കുകയായിരുന്നു സോണിയ. മോദി സർക്കാർ കൊണ്ടുവന്നത് കരിനിയമമാണ്. 20 വർഷം മുമ്പ് രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടി നടത്തി പോരാട്ടമായിരുന്നു എംജിഎൻആർഇജിഎ. ഇത് ഒരു പാർട്ടി വിഷയമായിരുന്നില്ല. സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷയായിരുന്നു. അതിനെയാണ് മോദി പുതിയ ബില്ലിലൂടെ തകർത്തതെന്ന് സോണിയ വിമർശിച്ചു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വരെ മാറ്റുന്ന വിബിജി റാം ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വികസിത ഭാരത് ഗാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന ബിൽ പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ രാജ്യസഭയും ലോക്‌സഭയും പാസാക്കിയിരുന്നു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇൻഡ്യ സഖ്യ പാർട്ടികൾ.