യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്. സംഭലിലെ ആലം സാരായ് ഗ്രാമത്തിലെ ഖബര്‍സ്ഥാനിലെ മതില്‍ പൊളിച്ചു നീക്കി. മുറാദാബാദ് റോഡില്‍ ചാന്‍ദൗസി ഭാഗത്ത് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.
ഖബര്‍സ്ഥാന്റെ റെയില്‍വേ ക്രോസിങ്ങിന് സമീപമുള്ള മതില്‍ 10 മീറ്റര്‍ പുറത്താണ് കെട്ടിയതെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മതില്‍ പൊളിച്ചത്. ഗതാഗത തിരക്ക് കാരണമാണ് ദൗത്യം രാത്രിയാക്കിയത്. ആറുമാസം മുമ്പ് ആരംഭിച്ച ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. ഒരുഭാഗത്ത് ഏഴ് മീറ്റര്‍ നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇവിടെ പുല്ല് നീക്കി നിരപ്പാക്കി.-വിനയ്കുമാര്‍ മിശ്ര പറഞ്ഞു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇരുവിഭാഗത്തോടും സംസാരിച്ചിരുന്നു. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ഖബര്‍സ്ഥാന്‍ നില്‍ക്കുന്നത് എന്നാണ് കണ്ടെത്തിയതെന്നും തഹസീല്‍ദാര്‍ ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. അതേസമയം ഖബര്‍സ്ഥാന്‍ പതിറ്റാണ്ടുകളായി ഇവിടെയുള്ളതാണെന്നും കയ്യേറ്റ ആരോപണം അടിസ്ഥാനരഹിതമാണ് എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.