News

ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് താല്‍പര്യമില്ല; യു.എന്‍ പൊതുസമ്മേളന യാത്ര റദ്ദാക്കി ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്

By webdesk18

September 25, 2025

യു.എന്‍ പൊതുസമ്മേളന യാത്ര റദ്ദാക്കി ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെയാണ് തീരുമാനം. പൊതുസമ്മേളനത്തില്‍ ട്രംപ് പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ഷീ യാത്ര റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്. 80ാമത് വാര്‍ഷികം ആഘോഷിക്കുന്ന യു.എന്നില്‍ ഇത്തവണ ഷീക്ക് പകരം പ്രീമിയര്‍ ലി ക്വിയാങ്ങാണ് പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നത്.

താരിഫ് അടക്കം ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ യു.എസ്‌ചൈന ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഷീയുടെ നടപടി. യുഎനിന്റെ 70ാമത് വാര്‍ഷികത്തിലും 75ാമത് വാര്‍ഷികത്തിലും അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു. ഒക്ടോബര്‍ അവസാനം ദക്ഷിണ കൊറിയയില്‍ നടക്കുന്ന എഷ്യ പസഫിക് സാമ്പത്തിക ഉച്ചകോടിയില്‍ ഷീയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നെങ്കിലും ചൈന പ്രതികരിച്ചിട്ടില്ല. താരിഫ്, വ്യാപാര ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയും കൈവരിക്കാത്ത സാഹചര്യത്തില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നാണ് ചൈനീസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.