kerala

തിരുവനന്തപുരത്തെ സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്‌ഐ മദ്യം വിതരണം ചെയ്തതായി പരാതി

By webdesk14

August 16, 2025

തിരുവനന്തപുരം നന്ദിയോട് എസ്.കെ.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ നടന്ന വിദ്യാര്‍ഥി തിരഞ്ഞെടുപ്പിനിടെ വോട്ടിനായി മദ്യം വിതരണം ചെയ്തുവെന്നാരോപിച്ച് വിവാദം. വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് പൊലീസ് മദ്യം പിടിച്ചെടുത്ത ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകരാണ് മദ്യം വിതരണം ചെയ്തതെന്നാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിച്ചു.

കെ.എസ്.യു പറഞ്ഞതനുസരിച്ച് ”വോട്ട് ഫോര്‍ എസ്എഫ്ഐ” എന്ന് എഴുതി 100 രൂപ വീതം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതായും പറയുന്നു. എന്നാല്‍, രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നതാണ് പൊലീസിന്റെ നിലപാട്. കൂടാതെ മദ്യം കണ്ടെത്തിയ ബാഗ് ആ വിദ്യാര്‍ഥിയുടേതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് പറയുന്നത്.

ആരോപണങ്ങളെ നിഷേധിച്ച സ്‌കൂള്‍ അധികൃതര്‍ ആരും മദ്യപിച്ച് സ്‌കൂളില്‍ എത്തിയിട്ടില്ലെന്നും, ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും വ്യക്തമാക്കി. അതേസമയം, കെ.എസ്.യു ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്ച നടന്ന സ്‌കൂള്‍ തിരഞ്ഞെടുപ്പിനിടെയാണ് ഈ വിവാദം ഉയര്‍ന്നത്.