india

രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയ ദമ്പതികള്‍ അറസ്റ്റില്‍; സഹോദരിയുടെ മക്കളില്ലാത്ത വിഷമം കാരണം കുട്ടിയെ വില്‍ക്കാന്‍ ശ്രമം

By Lubna Sherin K P

September 23, 2025

പഞ്ചാബ്: ലുധിയാനയില്‍ രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി തേടി എത്തിയ ദമ്പതികളുടെ കുഞ്ഞിനെയാണ് വ്യാഴാഴ്ച തട്ടിക്കൊണ്ടുപോയത്. പുറത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ കുഞ്ഞിനെ കണ്ടെത്താന്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പൊലീസ് 12 മണിക്കൂറിനുള്ളില്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് അയല്‍ക്കാരാണെന്നും പിന്നീട് സംഘം ബിഹാറിലേക്ക് കടന്നതായും കണ്ടെത്തി. നിലവില്‍ കുഞ്ഞ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ രമേശ് കുമാര്‍, ചന്ദന്‍ സാഹ്നി, ബബിത, ഭര്‍ത്താവ് ജെന്നത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ കുഞ്ഞിനെ വാങ്ങാന്‍ തയ്യാറായ റിത ദേവിയും ഭര്‍ത്താവ് സന്തോഷ് സാഹ്നിയും പിടിയിലായി.

ബബിതയുടെ സഹോദരിയാണ് റിത. മക്കളില്ലാത്ത സഹോദരിയുടെ വിഷമം കണ്ട ബബിതയാണ് പദ്ധതി ആസൂത്രണം ചെയ്തത്. സുഹൃത്തുക്കളായ ചന്ദ്രന്‍, സുഭാഷ് എന്നിവര്‍ക്ക് 1.29 ലക്ഷം നല്‍കിയാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബബിതയുടെ വീട്ടിനടുത്തുള്ള കുഞ്ഞിനെ ലക്ഷ്യമാക്കി. തട്ടിക്കൊണ്ടുപോയ ഉടന്‍ തന്നെ സിസിടിവിയില്‍ പതിഞ്ഞതിനാല്‍ സംഘം ബിഹാറിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. കുട്ടിയെ പിന്നീട് കുടുംബത്തിന് തിരികെ നല്‍കി.