ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ മാനസികമായും ശാരീരികമായും തളര്‍ത്താന്‍ ലക്ഷ്യമിട്ട് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച വിവാദമായ ‘മുതലക്കിടങ്ങ്’ പദ്ധതിക്ക് കോടതിയുടെ താല്‍ക്കാലിക വിലക്ക്. തെക്കന്‍ ഇസ്രായേലിലെ കേത് സിയോട്ട് ജയിലിന് ചുറ്റും കിടങ്ങുകള്‍ നിര്‍മ്മിച്ച് മുതലകളെ കാവല്‍ നിര്‍ത്താനുള്ള പദ്ധതിയാണ് ജറുസലേം ജില്ലാ കോടതി സ്റ്റേ ചെയ്തത്.
‘ലെറ്റ് ദി ആനിമല്‍സ് ലിവ്’ എന്ന മൃഗാവകാശ സംഘടന നല്‍കിയ അടിയന്തര ഹരജി പരിഗണിച്ചാണ് ജഡ്ജി എബ്രഹാം റൂബിന്‍ ജയില്‍ വളപ്പിലേക്ക് മുതലകളെ മാറ്റുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള ചില ജയിലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബെന്‍-ഗ്വിര്‍ ഫലസ്തീന്‍ തടവുകാരെ ഭയപ്പെടുത്താനും പീഡിപ്പിക്കാനും ലക്ഷ്യമിട്ട് ഈ പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ഏകദേശം 21 ദശലക്ഷം ഷെക്കല്‍ (ഏകദേശം 57 കോടി രൂപ) ദേശീയ സുരക്ഷാ മന്ത്രാലയം വകയിരുത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
മൃഗങ്ങളെ ശിക്ഷാ ഉപകരണങ്ങളായോ ആയുധങ്ങളായോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, ഈ തടസ്സം മറികടക്കാന്‍ പരിസ്ഥിതി സംരക്ഷണ മന്ത്രി ഇഡിറ്റ് സില്‍മാന്‍ മുതലകളെ ‘നിയന്ത്രിത വന്യമൃഗങ്ങള്‍’ എന്ന് വിശേഷിപ്പിച്ച് പുനര്‍വര്‍ഗ്ഗീകരിച്ച് ഉത്തരവിറക്കി. സ്വന്തം മന്ത്രാലയത്തിലെയും ഇസ്രായേല്‍ നേച്ചര്‍ ആന്‍ഡ് പാര്‍ക്‌സ് അതോറിറ്റിയുടെയും എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞായിരുന്നു ഈ നീക്കം.