ഇടുക്കിയില്‍ സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് വായ്പ നല്‍കിയ പണം മടക്കി നല്‍കാത്തതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയ ബ്രാഞ്ച് അംഗം പാര്‍ട്ടി വിട്ടു. പാര്‍ട്ടി നേതൃത്വം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി തൊടുപുഴ കാരിക്കോട് ബ്രാഞ്ച് അംഗം അബ്ബാസ് ഇബ്രാഹിമാണ് പാര്‍ട്ടി വിട്ടത്.
അബ്ബാസ് ഇബ്രാഹിമും ഭാര്യയും സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി കോടിയേരി സ്മാരക മന്ദിരത്തിന്റെ നിര്‍മാണത്തിനായാണ് എട്ട് ലക്ഷം രൂപ പാര്‍ട്ടി നേതൃത്വത്തിന് വായ്പ നല്‍കിയത്. മൂന്നുമാസത്തിനകം പണം തിരികെ നല്‍കുമെന്നായിരുന്നു ഉറപ്പ്. ഇത് പാലിക്കാതെ വന്നതോടെ ഇരുവരും സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി.
എന്നാല്‍ പരാതി വ്യാജമാണെന്ന് സിപിഎം ജില്ല നേതൃത്വം വിശദീകരിച്ചെങ്കിലും പിന്നീട് അബ്ബാസിന് പണം തിരികെ നല്‍കി. താന്‍ ആരോപണം ഉന്നയിച്ച ജില്ല സെക്രട്ടേറിയേറ്റ് അംഗത്തെ തനിക്കെതിരെയുള്ള അന്വേഷണ കമ്മീഷന്റെ ചുമതല ഏല്‍പ്പിച്ചത് തന്നെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അബ്ബാസ് പറഞ്ഞു.