kerala

ആകാശ് തില്ലങ്കേരിയെ സി.പി.എമ്മിനും സര്‍ക്കാറിനും ഭയമാണ്: വി.ഡി സതീശന്‍

By webdesk14

February 18, 2023

ആകാശ് തില്ലങ്കേരിയെ സി.പി.എമ്മിനും സംസ്ഥാന സര്‍ക്കാറിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശുഹൈബിന്‍റെ കൊലപാതകം ഓര്‍മിപ്പിച്ച്‌ ആകാശ് തില്ലങ്കേരി സി.പി.എമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. എപ്പോഴാണ് അവരുടെ പേര് വിളിച്ചു പറയുക എന്ന ഭയത്തിലാണ് നേതാക്കള്‍. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് ആകാശ് ഇന്നലെ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ശുഹൈബ് വധക്കേസ് പ്രതികളെ പാര്‍ട്ടിയാണ് സംരക്ഷിച്ചത്. അവരുടെ ആഹ്വാനം പ്രകാരമാണ് കൊലപാതകം നടത്തിയത്. സി.പി.എമ്മിനെ ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ അറിയാതെ ഒരു കൊലപാതകവും നടക്കില്ല. പാര്‍ട്ടി ഗ്രാമങ്ങളിലാണ് പ്രതികളെ ഒളിപ്പിച്ചിരുന്നത്.

കൊല നടത്താന്‍ സി.പി.എമ്മില്‍ പ്രത്യേക ടീമുണ്ട്. തീവ്രവാദ സംഘടനകള്‍ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സി.പി.എമ്മിന് ചെയ്യാനാകും. സി.പി.എം ആളെക്കൊല്ലി പാര്‍ട്ടിയാണെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു. സി.പി.എമ്മിന് ജീര്‍ണത സംഭവിച്ചു കഴിഞ്ഞു. എം.വി ഗോവിന്ദന്‍റെ ജാഥ കൊണ്ട് സി.പി.എമ്മിന്‍റെ കൊലപാതകക്കറ മായില്ലെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.