kerala

സമ്മേളനപ്പിറ്റേന്ന് പത്തനംതിട്ട സിപിഎമ്മില്‍ വിള്ളല്‍: തുറന്ന് പറഞ്ഞത് പലരുടെയും വിയോജിപ്പെന്ന് എ.പത്മകുമാര്‍

By webdesk13

March 10, 2025

സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പത്തനംതിട്ട സി.പി.എമ്മില്‍ പൊട്ടിത്തെറി. മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയതില്‍ തനിക്ക് മാത്രമല്ല വിയോജിപ്പുള്ളതെന്ന് മുന്‍ എം.എല്‍.എ എ.പത്മകുമാര്‍.

ആരെങ്കിലും ആ വിഷയം പറയണമെന്നുള്ളത് കൊണ്ടാണ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ സംഘടന പ്രവര്‍ത്തനം നോക്കിയുള്ള തെരഞ്ഞെടുപ്പ് രീതി മാറിയതുകൊണ്ടാണ് പ്രതിഷേധിച്ചത്. തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിയുമെന്ന് പത്മകുമാര്‍ പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു. ‘ചതിവ്, വഞ്ചന, അവഹേളനം… 52 വര്‍ഷത്തെ ബാക്കിപത്രം…ലാല്‍ സലാം’ എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങള്‍ പിന്‍വലിച്ചെങ്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് പത്മകുമാര്‍ പിന്‍വലിച്ചത്.

അതേസമയം, എ. പത്മകുമാറിന്റെ പരസ്യപ്രതികരണം പാര്‍ട്ടി ഗൗരവത്തില്‍ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.പത്മകുമാര്‍ പാര്‍ട്ടിയുടെ പ്രധാന നേതാവാണ്. വീണാ ജോര്‍ജ് ക്ഷണിതാവായത് മന്ത്രിയായതിനാലെന്നും മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് കീഴ്‌വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.

‘പത്മകുമാറിന്റെ പ്രതികരണം എന്ത് കൊണ്ട് എന്ന് അറിയില്ല. പത്മകുമാറുമായി ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും.സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കും.മന്ത്രിയെന്ന ഉത്തരവാദിത്തം വീണാ ജോര്‍ജ് ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുന്നുണ്ട്. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്ന വ്യക്തിയാണ് വീണാ ജോര്‍ജ് എന്നും രാജു എബ്രഹാം പറഞ്ഞു.