kerala

ക്രിമിനൽ പൊലീസ് രാജ്, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക, മുസ്‌ലിം യൂത്ത് ലീഗ് എസ്.പി ഓഫീസ് മാർച്ച്‌ ഒക്ടോബർ 3ന്

By webdesk13

September 28, 2024

കോഴിക്കോട്: കേരള ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത തരത്തില്‍ മാഫിയാ സംഘങ്ങളുടെ കൂടാരമായി മാറിയ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് ഒക്ടോബര്‍ 3 ന് വ്യാഴാഴ്ച്ച മാര്‍ച്ച് സംഘടിപ്പിക്കും. ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ആണ് മാര്‍ച്ച് സംഘടിപ്പിക്കുകയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ കൊലപാതക – സ്വര്‍ണ്ണക്കടത്ത് – തട്ടികൊണ്ട് പോകല്‍ കേസുകളില്‍ പ്രതികളാകുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി തന്നെ ക്രിമിനല്‍ സംഘത്തലവനാണെന്ന് വെളിപ്പെടുത്തിയത് ഭരണകക്ഷിയുടെ എം.എല്‍.എ കൂടിയ പി.വി അന്‍വറാണെന്ന് ഫിറോസ് തുടര്‍ന്നു.

മുസ്ലിം ലീഗും പോഷക ഘടകങ്ങളും കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍ വല്‍ക്കരണത്തെ കുറിച്ച് നേരത്തേ നിയമസഭയിലടക്കം വ്യക്തമാക്കിയതാണ്, എന്നാല്‍ പിണറായി സര്‍ക്കാര്‍ അന്നൊന്നും അതിനെ ഗൗനിച്ചിരുന്നില്ല. ഇന്ന് ഭരണകക്ഷി എം.എല്‍.എ തന്നെ അവിശുദ്ധ ബന്ധങ്ങള്‍ തുറന്ന് പറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കയാണ്. പൊലീസിലെ ക്രിമിനല്‍ വത്കരണത്തിനും സംഘി ബാന്ധവത്തിന്റെയും ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. തൃശൂരില്‍ ഫാസിസ്റ്റ്കള്‍ക്ക് ജയിച്ചു കയറാന്‍ സാഹചര്യം സൃഷ്തിച്ചതും പിണറായി വിജയന്‍ തന്നെയാണ്.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ച് ആഭ്യന്തര വകുപ്പിനെതിരെയുള്ള വലിയ യുവരോഷമായി മാറും. ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് നടക്കുന്ന മാര്‍ച്ച് വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ഫിറോസ് ആഹ്വാനം ചെയ്തു.