kerala

നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം; സൈക്കാട്രി അധ്യാപകനെ ഒന്നാം പ്രതിയാക്കണം; പരാതിയുമായി പിതാവ്

By webdesk18

December 09, 2024

പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മുവിന്‍െ മരണത്തില്‍ സൈക്കാട്രി അധ്യാപകന്‍ സജിയെ ഒന്നാം പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ഡി വൈ എസ് പി ക്ക് പിതാവ് സജീവ് പരാതി നല്‍കി. ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജിലെ സൈക്കാട്രി വിഭാഗം അധ്യാപകനെതിരെയാണ് പരാതി. അധ്യാപകന്റെ സാന്നിധ്യത്തിലാണ് സഹപാഠികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. അധ്യാപകന്‍ കൗണ്‍സിലിംഗ് അല്ല കുറ്റവിചാരണയാണ് നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

നവംബര്‍ 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സജീവ് ആരോപിച്ചിരുന്നു. കോളേജ് പ്രിന്‍സിപ്പലും വാര്‍ഡനും പറയുന്ന കാര്യങ്ങള്‍ക്ക് സ്ഥിരതയില്ലെന്നും കോളേജിന് അടുത്ത് നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും കുട്ടിയെ ചികിത്സയ്ക്കായി ദൂരേയ്ക്ക് കൊണ്ടുപോയതില്‍ സംശയമുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരനും വ്യക്തമാക്കിയിരുന്നു.