india

കുട്ടികളുടെ ഉച്ചഭക്ഷണത്തിലും ബിജെപി രാഷ്ട്രീയം കലര്‍ത്തുന്നു; വിമര്‍ശിച്ച് ഡെറക് ഒബ്രയാന്‍

By nazmiya nazreen

June 24, 2026

പശ്ചിമ ബംഗാളിലെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മുട്ട ഒഴിവാക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) രാജ്യസഭാ നേതാവ് ഡെറക് ഒബ്രയാൻ. കുട്ടികൾക്ക് അവകാശപ്പെട്ട പോഷകാഹാരം നിഷേധിച്ചുകൊണ്ട് സംസ്ഥാനത്ത് സസ്യാഹാരം അടിച്ചേൽപ്പിക്കാനാണ് പുതിയ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചുമതല പശ്ചിമ ബംഗാൾ സർക്കാർ ‘ഇസ്കോണിന്’ (ISKCON) ഏൽപ്പിച്ചതായി ധനമന്ത്രി സ്വപൻ ദാസ്ഗുപ്ത ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂൾ ഭക്ഷണത്തിൽ നിന്ന് മുട്ടയ്ക്ക് പകരം പനീർ, സോയാബീൻ തുടങ്ങിയ സസ്യജന്യ പ്രോട്ടീനുകൾ ഉൾപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതും വിവാദം പുകഞ്ഞതും. കേന്ദ്രസർക്കാരിന്റെ ‘പിഎം പോഷൺ’ പദ്ധതിയുടെ മറപിടിച്ചാണ് കുട്ടികളുടെ ഭക്ഷണത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നത്. വിഷയത്തിൽ ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ ഡെറക് ഒബ്രയാൻ എക്സിൽ (ട്വിറ്റർ) ശക്തമായി പ്രതികരിച്ചു. “തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ മത്സ്യം കഴിക്കൽ നാടകത്തിന് ശേഷം ‘ഗുജറാത്ത് ജിംഖാന’ ഒടുവിൽ അവരുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ്. ബംഗാളിൽ പുതിയ ബിജെപി സർക്കാർ പ്രവർത്തനം തുടങ്ങിയിരിക്കുന്നത് ഇങ്ങനെയാണ്,” ഡെറക് ഒബ്രയാൻ കുറിച്ചു.

രാഷ്ട്രീയ എതിരാളികൾക്ക് നേരെ മുട്ടയെറിയാൻ മടിക്കാത്തവർ, പാവപ്പെട്ട കുട്ടികളുടെ സ്കൂൾ ഭക്ഷണത്തിൽ നിന്ന് അത് ഒഴിവാക്കി പോഷകാഹാരം നിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിന്റെ സംസ്കാരത്തിന് മേൽ സസ്യാഹാരം അടിച്ചേൽപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ ഈ ഫാസിസ്റ്റ് ശ്രമത്തെ ബംഗാളിലെ ജനങ്ങൾ ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും ടിഎംസി നേതാവ് വ്യക്തമാക്കി.