Sports

പത്തുപേരായി ചുരുങ്ങിയിട്ടും പതറിയില്ല; യുനൈറ്റഡിനെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്‌സ്

By webdesk18

January 18, 2025

കൊച്ചി: പത്തുപേരുമായി ചുരുങ്ങിയിട്ടും ഈസ്റ്റ് യുനൈറ്റഡിനെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്‌സ്. മോശം പെരുമാറ്റത്തില്‍ മത്സരത്തിന്റെ 30ാം മിനുറ്റില്‍ പ്രതിരോധ താരം അയ്ബന്‍ ദോലിങ് ചുവപ്പുകാര്‍ഡ് ലഭിച്ച് പുറത്തായത് ബ്ലാസ്റ്റേസിന് തിരിച്ചടിയായെങ്കിലും മത്സരത്തില്‍ ഒരുമണിക്കൂറോളം പൊരുതിയത് പത്തുപേരുമായാണ്. ഒരാളെ നഷ്ടമായിട്ടും 45 ശതമാനം ബോള്‍ പൊസിഷനുമായാണ് നോര്‍ത്ത്ഈസ്റ്റിനെ ഗോളടിക്കാതെ പൊരുതിയ തടുത്തുനിര്‍ത്തിയത്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആവേശത്തില്‍ മുന്നേറിയ വാശിയേറിയ പോരാട്ടത്തിനിടയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കി അയ്ബന്‍ ചുവപ്പ് കാര്‍ഡ് നേടിയത്. നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റ നിര താരം അലാദീന്‍ അജാരയുമായുള്ള വാഗ്വാദത്തിനിടെ തലകൊണ്ട് ഇടിച്ചതിനാണ് അയ്ബന് റഫറി ചുവപ്പ് കാര്‍ഡ് വിധിച്ചത്.

അവസരം മുതലെടുത്ത് ജയം പിടിച്ചെടുക്കന്‍ ഗോള്‍മുഖത്തേക്ക് നോര്‍ത്ത് ഈസ്റ്റ് ആക്രമണങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പൊരുതിനിന്നു. ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ മികച്ച സേവുകളും ബ്ലാസ്റ്റേഴ്‌സിന് തുണയായി. നിലവില്‍ 18 മത്സരങ്ങളില്‍ നിന്നും 21 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. ജനുവരി 24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് അടുത്ത മത്സരം.