kerala

കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശുപാർശ

By webdesk14

April 30, 2025

കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യചെയ്ത ആദിവാസി യുവാവ് ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശിപാർശ. ഡിജിപിയാണ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. കൽപ്പറ്റ സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗോകുലിനെ നിരീക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായതായി ജില്ലാ പൊലീസ് മേധാവി കണ്ടെത്തിയിരുന്നു. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ശിപാർശ.

ഗോകുലിന്റെ മരണത്തില്‍ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് കത്ത് നല്‍കിയെന്നാണ് കുളത്തൂര്‍ ജയ്‌സിങ്ങിന് ലഭിച്ച മറുപടി. ഏപ്രില്‍ ഒന്നിന് രാവിലെ എട്ട് മണിയോടെയായിരുന്നു ഗോകുലിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗോകുലിന്‍റെ കൈയ്യിൽ പെണ്‍കുട്ടിയുടെ പേര് മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ട അടയാളം ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു. മര്‍ദനമുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.