kerala

പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും

By webdesk18

May 17, 2025

ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന പാകിസ്ഥാനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്താനും ഇന്ത്യന്‍ നിലപാട് വിശദീകരിക്കാനുമുള്ള സംയുക്ത സംഘത്തില്‍ മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും. മെയ് 22നോ 23നോ എം.പിമാരുടെ സംഘം വിദേശ പര്യടനത്തിന് തിരിക്കുമെന്നാണ് വിവരം. ഭരണ പ്രതിപക്ഷ എം.പിമാരുടെ സംയുക്ത സംഘമാണ് വിദേശ പര്യടനം നടത്തുക.

അഞ്ച് ആറ് എം.പിമാര്‍ വീതമുള്ള എട്ട് സംഘങ്ങളെയാണ് അയക്കുന്നത്. ബി.ജെ.പിക്കു പുറമെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എന്‍.സി.പി അംഗങ്ങളാണുള്ളത്. യാത്ര തിരിക്കും മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് എം.പിമാര്‍ക്ക് ബ്രീഫിങ് നടത്തും. വിദേശകാര്യ മന്ത്രാലയത്തിലെ ഓരോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വീതം ഓരോ സംഘത്തേയും അനുഗമിക്കും. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളാണ് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുക.