kerala

കോടികളുടെ കുടിശ്ശിക മരുന്ന് വിതരണം നിര്‍ത്തി; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികളും ഡോക്ടര്‍മാരും ആശങ്കയില്‍

By webdesk14

March 15, 2024

കോഴിക്കോട് : വൻ തുക കുടിശ്ശികയായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം വിതരണക്കാർ നിർത്തിയതോടെ രോഗികളും ഡോക്ടർമാരും ആശങ്കയില്‍.

ജീവൻ രക്ഷാമരുന്നുകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍, തുടങ്ങിയവ വിതരണം ചെയ്ത‌ത വകയില്‍ 75കോടിയിലധികം രൂപയാണ് വിതരണക്കാർക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കാനുള്ളത്.

മാർച്ച്‌ 9 മുതല്‍ കരാറുകാർ മരുന്ന് വിതരണം നിർത്തിയിരിക്കുകയാണ്. ആദ്യ ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് എച്ച്‌.ഡി.എസ് ഫാർമസിയിലെ മരുന്നുകള്‍ ഉപയോഗിച്ചെങ്കിലും ഇന്നലെയോടെ മരുന്നുകള്‍ പൂർണമായും തീർന്ന സ്ഥിതിയിലാണ്. 8 മാസത്തെ കുടിശ്ശികയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്. കലക്ടറുമായി നടത്തിയ ചർച്ചയില്‍ കലക്ടർ അനുഭാവ പൂർവം പ്രശ്നങ്ങള്‍ കേട്ടതായും ബന്ധപ്പെട്ടവരെ വിവരങ്ങള്‍ അറിയിക്കാം എന്ന് കലക്ടർ ഉറപ്പ് നല്‍കിയതായും മരുന്ന് വിതരണക്കാർ പറയുന്നു.

ഡിസംബർ വരെയുള്ള കുടിശ്ശിക മാർച്ച്‌ 31നകം ലഭിക്കാതെ മരുന്ന് വിതരണം പുനരാരംഭിക്കാൻ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് വിതരണക്കാർ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് ലഭ്യമല്ലാതായത്തോടെ പുറത്തുനിന്നും വൻ തുക മുടക്കി മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍. ഓർത്തോ വിഭാഗത്തില്‍ നടക്കേണ്ടിയിരുന്ന മുട്ട്, ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ക്ക്‌ ഇതുവരെ മുടക്കം വന്നിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.