kerala

സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് വയോധികന്‍; തള്ളി മാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍

By webdesk18

October 22, 2025

കോട്ടയം: നിവേദനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിയുടെ വാഹനത്തിനു മുന്നില്‍ ചാടി വയോധികന്‍. കോട്ടയം പള്ളിക്കത്തോടില്‍ കലുങ്ക് സഭ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. ‘എന്റെ നിവേദനം സ്വീകരിക്കണം’ എന്നു വയോധികന്‍ വിളിച്ചു പറഞ്ഞു, സൈഡ് ഗ്ലാസിന് സമീപം എത്തിയെങ്കിലും വാഹനം തുറന്നില്ല.

തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് വയോധികനെ തള്ളി മാറ്റി. പള്ളിക്കത്തോട് സ്വദേശിയാണ് നിവേദനം നല്‍കാനെത്തിയതെന്നും മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ബലംപ്രയോഗത്തിന് ശേഷം വയോധികന്‍ കരഞ്ഞുകൊണ്ട് മാറി. പിന്നീട് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എത്തി അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

കഴിഞ്ഞ ദിവസം കലുങ്ക് സംവാദത്തില്‍ അപമാനിതനായി അനുഭവപ്പെട്ടെന്ന് ആരോപിച്ച് വരന്തരപ്പിള്ളി പഞ്ചായത്തിലെ നാല് ബി.ജെ.പി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സുരേഷ് ഗോപിയുടെ പ്രജകളല്ല തങ്ങളെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം താല്‍പര്യമില്ലാത്തതുകൊണ്ടാണ് ബി.ജെ.പി വിടുന്നതെന്നും രാജിവെച്ച പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കിയിരുന്നു.