News

‘ഗസ്സ തകര്‍ക്കപ്പെട്ട പ്രദേശമാണ്, ബാക്കിയുള്ളവയും തകര്‍ക്കും’; ഫലസ്തീനെതിരെ വീണ്ടും ട്രംപ്‌

By webdesk13

February 10, 2025

ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിന്റെ ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങളെ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താന്‍ പ്രതിജ്ഞാബദ്ധനാണ്. തങ്ങള്‍ അത് പുനര്‍നിര്‍മിക്കുന്നിടത്തോളം, മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങള്‍ക്കും അതിന്റെ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ തങ്ങള്‍ നല്‍കിയേക്കാം. തങ്ങളുടെ ആഭിമുഖ്യത്തിലൂടെ മറ്റുള്ളവര്‍ക്കും ഇത് ചെയ്യാം. എന്നാല്‍, അത് സ്വന്തമാക്കാനും ഏറ്റെടുക്കാനും ഹമാസ് പിന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ട്രംപ് പറഞ്ഞു.

അവിടേക്ക് മടങ്ങാനായിട്ട് ഒന്നുമില്ല. അതൊരു തകര്‍ക്കപ്പെട്ട പ്രദേശമാണ്. ബാക്കിയുള്ളവയും തകര്‍ക്കും. എല്ലാം തകര്‍ത്തു. ചില ഫലസ്തീന്‍ അഭയാര്‍ത്ഥികളെ അമേരിക്കയിലേക്ക് അനുവദിക്കാനുള്ള സാധ്യതകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍, അത്തരം കാര്യങ്ങള്‍ ഓരോ അപേക്ഷയുടെയും അടിസ്ഥാനത്തിലാണ് പരിഗണിക്കുകയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ട്രംപിന്റെ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്തുവന്നു. ഗസ്സ വില്‍ക്കാനും വാങ്ങാനുമുള്ള വസ്തുവല്ലെന്ന് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഇസ്സത്ത് അല്‍ റാഷ്ഖ് വ്യക്തമാക്കി. ഗസ്സ നമ്മുടെ ഫലസ്തീന്‍ ഭൂമിയുടെ അവിഭാജ്യ ഘടകമാണ്. കുടിയിറക്കല്‍ പദ്ധതികളെ ഫലസ്തീനികള്‍ പരാജയപ്പെടുത്തുമെന്നും റാഷ്ഖ് കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനികളെ സ്ഥിരമായി കുടിയിറക്കുമെന്നും ഗസ്സയെ മിഡില്‍ ഈസ്റ്റിന്റെ സുഖവാസ കേന്ദ്രമായി മാറ്റുമെന്നും കഴിഞ്ഞായാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഗസ്സയെ അമേരിക്ക ഏറ്റെടുത്ത് വന്‍തോതിലുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്?തമാക്കുകയുണ്ടായി. എന്നാല്‍, ട്രംപിന്റെ പ്രസ്താവനക്കെതിരെ വിവിധ രാജ്യങ്ങളില്‍നിന്ന് വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്.