kerala

ശബരിമലയില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല; സ്വര്‍ണക്കൊള്ള ഏതുസമയവും അട്ടിമറിക്കപ്പെടും; പി.വി. അന്‍വര്‍

By webdesk18

November 10, 2025

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഏതുസമയവും അട്ടിമറിക്കപ്പെടുമെന്ന് മുന്‍ എം.എല്‍.എ പി.വി. അന്‍വര്‍. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് അന്വേഷണത്തെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണോ ഇതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ ചുമതല നല്‍കിയിരിക്കുന്നത്. സുജിത് ദാസിന് സന്നിധാനത്തും അങ്കിത് അശോകിന് പമ്പയിലും ചുമതല നല്‍കിയത് സംശയകരമാണ്.

‘പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടയില്‍ കേരളം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട പല വിഷയങ്ങളും കൈവിട്ടു പോകുകയാണ്. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയാണ് അതില്‍ പ്രധാനം. ഹൈകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം നടക്കുകയാണ്. ചിലര്‍ അറസ്റ്റിലായി. മറ്റുചിലരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും വിവരമുണ്ട്. അന്വേഷണം ഏത് സമയത്തും അട്ടിമറിക്കപ്പെടും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഉദ്യോഗസ്ഥരില്‍നിന്ന് രാഷ്ട്രീയക്കാരിലേക്ക് അന്വേഷണം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദേവസ്വത്തിന്റെ കീഴില്‍ ഇത്തരത്തില്‍ നിരവധി കൊള്ള നടക്കുന്നുവെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.

സര്‍ക്കാറിന്റെ പുതിയ ഉത്തരവ് അന്വേഷണത്തെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ ചുമതല നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥരെ സംബന്ധിച്ചാണ് ഉത്തരവ്. ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സുജിത് ദാസിന് സന്നിധാനത്ത് ചുമതല നല്‍കിയിരിക്കുന്നു. തൃശൂര്‍ പൂരം കലക്കാന്‍ നേതൃത്വം നല്‍കിയ അന്നത്തെ കമീഷണര്‍ അങ്കിത് അശോകാണ് അടുത്തയാള്‍. അദ്ദേഹത്തിന് പമ്പയിലാണ് ചാര്‍ജ്. സ്വര്‍ണക്കൊള്ളയില്‍ എസ്.ഐ.ടി അന്വേഷണം നടക്കവെയാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ശബരിമലയില്‍ ചുമതല നല്‍കുന്നത്. എന്തിനുവേണ്ടി ഇവരെ തന്നെ ശബരിമലയിലെ ചുമതല നല്‍കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണോ ഇതെന്ന് സി.പി.എമ്മും വ്യക്തമാക്കണം’ പി.വി. അന്‍വര്‍ പറഞ്ഞു.