News

ഓസീസിനെതിരെ കോഹ്ലി രണ്ട് സെഞ്ച്വറി നേടും പ്രവചനവുമായി ഹര്‍ഭജന്‍ സിംഗ്

By webdesk18

October 14, 2025

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ വിരാട് കോഹ്ലി രണ്ട് സെഞ്ച്വറി നേടും എന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് പ്രവചിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ഈ മാസം 19-ന് തുടക്കമാകാനിരിക്കെയാണ് ഹര്‍ഭജന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രവചനം.

”ദയവായി ആരും വിരാട് കോഹ്ലിയുടെ ഫിറ്റ്‌നസിനെക്കുറിച്ച് ചോദിക്കരുത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അവന്‍ ഗുരുവാണ്.

അവന്‍ ചെയ്യുന്ന കാര്യങ്ങളാണ് മറ്റുള്ളവര്‍ പിന്തുടരുന്നത്. അതുകൊണ്ട് ഫിറ്റ്‌നസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. മികച്ച പ്രകടനവും അവന്‍ കാഴ്ചവെക്കും,” എന്ന് ഹര്‍ഭജന്‍ പറഞ്ഞു.

ഇതിനിടെ, ഇന്ത്യന്‍ ജേഴ്‌സിയിലുള്ള വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും തിരിച്ചുവരവിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ഇരുവരും അവസാനം ഏകദിനം കളിച്ചത്.

ടെസ്റ്റില്‍ നിന്നും വിരമിച്ച ഇരുവരും ഉടന്‍ ഏകദിനത്തില്‍ നിന്നും വിരമിക്കും എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. അതിനാല്‍ തന്നെ ഓസീസിനെതിരായ പരമ്പരയിലെ പ്രകടനം ഇരുവരുടെയും ഭാവി കരിയറിനെ നിര്‍ണയിക്കുന്നതാകുമെന്നാണു വിലയിരുത്തല്‍.

2027-ല്‍ നടക്കുന്ന അടുത്ത ഏകദിന ലോകകപ്പിലും കോഹ്ലിയും രോഹിത്തും ടീമിലുണ്ടാകുമോ എന്നത് ഇപ്പോള്‍ ആരാധകരും ക്രിക്കറ്റ് ലോകവും ഉറ്റുനോക്കുന്ന ചോദ്യമാണ്.