kerala

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

By webdesk18

January 15, 2025

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.

നിലമ്പൂര്‍ കരുളായി വനമേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. റോഡില്‍നിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലുള്ള സ്ഥലക്ക് വെച്ചാണ് ആക്രമണമുണ്ടായത് ഇന്ന് രാവിലെയാണ് സരോജിനി ആടിനെ മേയ്ക്കാന്‍ പോയത്.

ദിവസങ്ങള്‍ക്ക് മുമ്പ് കരുളായി വനത്തിലെ ആദിവാസി യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ചോല നായ്ക്കര്‍ വിഭാഗത്തില്‍ പെട്ട മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് ജനുവരി നാലിന് രാത്രി കൊല്ലപ്പെട്ടത്. മകളോടൊപ്പം പോകവേ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലില്‍ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.