ആന്ധ്രപ്രദേശില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് ആറ്റില്‍ എറിഞ്ഞു. വെങ്കട മാധവി (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗുരുമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ താമസിക്കുന്ന ആളാണ് ഗുരുമൂര്‍ത്തി. വിരമിച്ച സൈനികനായ ഗുരുമൂര്‍ത്തി നിലവില്‍ ഡിആര്‍ഡിഒയുടെ കഞ്ചന്‍ബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി ഗാര്‍ഡാണ്. മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം. എന്നാല്‍ ഭാര്യയുമായി ഇയാള്‍ സ്ഥിരം വഴക്കായിരുന്നു. ഭാര്യയുടെ മാതാവും ഇവരോടൊപ്പമായിരുന്നു താമസം.
ജനുവരി 18നും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. അതിന് ശേഷം മാധവിയെ കാണാതായി. മകളെ കാണാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം മാതാവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറം ലോകമറിയുന്നത്.
ചോദ്യം ചെയ്യലില്‍ താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ചുവെന്നും ഇയാള്‍ മൊഴി നല്‍കി. പിന്നാലെ വേവിച്ച ഭാഗങ്ങള്‍ തടാകത്തില്‍ എറിഞ്ഞതായും ഇയാള്‍ വെളിപ്പെടുത്തി.