kerala

ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയ കേസ്; പ്രധാന പ്രതി പിടിയില്‍

By webdesk17

November 27, 2025

മൂവാറ്റുപുഴ: ഇറ്റലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിനിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പൊലീസ് പിടിയിലായി. ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രോട്ടോ ടാലന്റ് ഹയറിങ് സര്‍വീസ് എന്ന പേരില്‍ മുമ്പ് ബംഗളൂരുവില്‍ സ്ഥാപനം നടത്തിയിരുന്ന പ്രതി ഒരു വര്‍ഷത്തിലേറെയായി ഒളിവിലായിരുന്നു. ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സമാന രീതിയില്‍ കൂടുതല്‍ ആളുകളെ ചതിച്ചിട്ടുണ്ടൊയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ അതുല്‍ പ്രേം ഉണ്ണി, പി.വി. സജി, വി.സി. സജി, പി.സി. ജയകുമാര്‍, എ.എസ്.ഐ ബിജു, സീനിയര്‍ സി.പി.ഒമാരായ എച്ച്. ഹാരിസ്, കെ.കെ. ജയന്‍ എന്നിവര്‍ പങ്കെടുത്തു.