കൊല്‍ക്കത്ത: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരം വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ആരംഭിക്കുന്നു. നാല് മാസത്തെ ഇടവേളയ്ക്കു ശേഷം ഉപനായകനായി ടീമിലേക്ക് മടങ്ങുന്ന ഋഷഭ് പന്താണ് ആരാധകരുടെ പ്രധാന ശ്രദ്ധാകേന്ദ്രം. ജൂലൈയില്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ പന്ത് ദീര്‍ഘകാലം വിശ്രമത്തിലായിരുന്നു.
ബി.സി.സി.ഐ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പന്ത് പറഞ്ഞു: ”പരിക്കിന് ശേഷം തിരിച്ചുവരിക അത്ര എളുപ്പമല്ല, പക്ഷേ ദൈവം കരുണയുള്ളവനാണ്. ഞാന്‍ വീണ്ടും കളത്തിലേക്ക് മടങ്ങിയതില്‍ അതിയായ സന്തോഷം ഉണ്ട്.”
കുടുംബവും സുഹൃത്തുക്കളും നല്‍കിയ പിന്തുണയെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു: ”എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചു. ഭാഗ്യം എല്ലായ്‌പ്പോഴും നമ്മുടെ കൈകളില്‍ ഇല്ല, എന്നാല്‍ ചെയ്യുന്ന കാര്യത്തില്‍ സന്തോഷം കണ്ടെത്തുക അതാണ് പ്രധാനം.”
അതേസമയം, ഉപനായകനായി പന്ത് തിരിച്ചെത്തുന്നതോടെ ധ്രുവ് ജുറെലിന്റെ സ്ഥാനം അപകടത്തിലാകാം. എന്നാല്‍ ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരെ മികച്ച ഫോമില്‍ ഇരട്ട സെഞ്ച്വറി നേടിയ ജുറെലിനെ ഒഴിവാക്കുക എളുപ്പമല്ലെന്ന് ടീം മാനേജ്‌മെന്റ് സൂചിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ മൂന്ന് ഓള്‍റൗണ്ടര്‍ സ്പിന്നര്‍മാരും (രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍) ടീമില്‍ ഉണ്ടാകും. നിതീഷ് കുമാര്‍ റെഡ്ഡിയെ രാജ്‌കോട്ടില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക എക്കെതിരായ ഏകദിന പരമ്പരക്ക് മാറ്റിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയും മൂന്ന് സ്പിന്നര്‍മാരുമായാണ് ഇറങ്ങാനിടയുള്ളത് – കേശവ് മഹാരാജ്, സൈമണ്‍ ഹാര്‍മര്‍, സെനുരാന്‍ മുത്തുസ്വാമി. പാകിസ്താനെതിരെ കഴിഞ്ഞ പരമ്പരയില്‍ ഇവര്‍ ചേര്‍ന്ന് 33 വിക്കറ്റ് വീഴ്ത്തിയിരുന്നു.
ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നവംബര്‍ 30ന് റാഞ്ചിയില്‍ ആരംഭിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലും ടീമുകള്‍ വീണ്ടും ഏറ്റുമുട്ടും.