News

അന്ന് പൊന്നിന്‍ വില ഇന്ന് ആര്‍ക്കും വേണ്ട; ഐപിഎൽ താരലേലത്തിൽ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായ്ക്ക് കനത്ത നിരാശ

By webdesk18

December 16, 2025

ഐപിഎൽ 2026 മിനി താരലേലത്തിൽ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായ്ക്ക് കനത്ത നിരാശ. തുടർച്ചയായി രണ്ടാം വർഷമാണ് താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും രംഗത്തെത്താതെ പോയത്.75 ലക്ഷം രൂപ അടിസ്ഥാന വിലയുമായാണ് പൃഥ്വി ഷാ അബുദാബിയിൽ നടന്ന ലേലത്തിനെത്തിയത്. കാപ്ഡ് ബാറ്റ്‌സ്മാൻമാർ ഉൾപ്പെട്ട പ്രാരംഭ സെറ്റിൽ താരത്തിന്റെ പേര് അവതരിപ്പിച്ചെങ്കിലും ലേലത്തിൽ പങ്കെടുത്ത 10 ടീമുകളും താരത്തിനായി വിളിച്ചില്ല. 2025ലെ ഐപിഎൽ ലേലത്തിലും താരത്തെ ആരും എടുത്തിരുന്നില്ല. ഈ തുടർച്ചയായ തിരിച്ചടി ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെയും പൃഥ്വിയുടെ ആരാധകരെയും അമ്പരപ്പിച്ചു.2018ൽ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ടീമിന്റെ നായകനായിരുന്ന പൃഥ്വി ഷാ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായാണ് അറിയപ്പെട്ടിരുന്നത്. 1.2 കോടിക്ക് ഡൽഹി ക്യാപിറ്റൽസിൽ എത്തിയ താരം 2021 ഐപിഎല്ലിൽ കാഴ്ചവെച്ചിരുന്നു. ഇതേത്തുടർന്ന് തൊട്ടടുത്ത വർഷം 7.5 കോടി രൂപയ്ക്കാണ് ഡൽഹി ഷായെ നിലനിർത്തിയത്. എന്നാൽ, ഫിറ്റ്നസ് പ്രശ്നങ്ങളും ഫോമില്ലായ്മയും കാരണം താരത്തിന് അവസരങ്ങൾ കുറഞ്ഞു. ഇതോടെ 2025 സീസണിനു മുമ്പായി ഡൽഹി താരത്തെ കൈയൊഴിഞ്ഞു.ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കു വേണ്ടി കളിച്ചിരുന്ന താരത്തിന് കഴിഞ്ഞ സീസണിൽ ടീമിലെ സ്ഥാനവും നഷ്ടമായി. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രക്കായി കളിച്ച താരം ഫോം വീണ്ടെടുത്തു. രഞ്ജി ട്രോഫിയിൽ 470 റൺസ് നേടിയെങ്കിലും ആ പ്രകടനങ്ങൾ ഐപിഎൽ ലേലത്തിൽ താരത്തിന് തുണയായില്ല.അതേസമയം, ലേലത്തിലെ ഏറ്റവും ഉയർന്ന വില നേടിയ താരം ഓസ്ട്രേലിയയുടെ കാമറൂൺ ഗ്രീൻ ആണ്. 25.20 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗ്രീനിനെ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ രണ്ട് കോടി രൂപ അടിസ്ഥാന വിലയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. പൃഥ്വി ഷായെ കൂടാതെ ഡെവോൺ കോൺവേ, ജേക്ക് ഫ്രേസർ-മെക്ക്ഗർക്ക്, സർഫറാസ് ഖാൻ തുടങ്ങിയ ശ്രദ്ധേയ താരങ്ങൾക്കും ആദ്യ ഘട്ടത്തിൽ ആവശ്യക്കാരുണ്ടായില്ല. ലേലത്തിന്റെ അവസാന റൗണ്ടിൽ, അൺസോൾഡ് ആയ താരങ്ങൾക്കായി വീണ്ടും ലേലം നടത്തുമ്പോൾ പൃഥ്വിയുടെ പേര് വീണ്ടും പരിഗണിക്കാൻ സാധ്യതയുണ്ട്.