india

ഐ.പി.എല്‍ നിര്‍ത്തിവെച്ചു; തീരുമാനം ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍

By webdesk18

May 09, 2025

ഐ.പി.എല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. എന്നാല്‍ ബി.സി.സി.ഐയോ, ഐ.പി.എല്‍ അധികൃതരോ വിഷയം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഘര്‍ഷ സാഹചര്യത്തില്‍ ഐ.പി.എല്‍ നടത്തുന്നത് നല്ല മാതൃകയല്ലെന്ന് ബി.സി.സി.ഐ പ്രതിനിധിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതോടെയാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

ഇന്നലെ ധരംശാലയില്‍ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനത്തെ തുടര്‍ന്ന് പാതിയില്‍ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താന്‍കോട്ടിലും അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിക്കുകയും തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പത്താന്‍കോട്ടില്‍നിന്ന് ട്രെയിനിലാണ് ധരംശാലയിലുള്ള മുഴുവന്‍ ഐ.പി.എല്‍ താരങ്ങളെയും സ്റ്റാഫുകളെയും ഡല്‍ഹിയിലെത്തിച്ചത്. ഐ.പി.എല്ലിലുള്ള വിദേശ താരങ്ങളില്‍ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് ടീം അധികൃതരോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്. വിദേശ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മാച്ച് ഓഫിഷ്യലുകളും ഉള്‍പ്പെടെ നിരവധിപേര്‍ ഐ.പി.എല്ലുമായി സഹകരിക്കുന്നുണ്ട്. ‘സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. സര്‍ക്കാറില്‍നിന്ന് ഇതുവരെ പ്രത്യേക നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ച് ഉചിതമായ തീകുമാനമെടുക്കും’ -ഐ.പി.എല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ പറഞ്ഞു.