india

ജമ്മുകശ്മീര്‍ ഭീകരാക്രമണം: മരണസംഖ്യ ഉയരുന്നു; 27 പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍

By webdesk14

April 22, 2025

ജമ്മു കാശ്മീർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. 27​ പേർ കൊല്ലപ്പെട്ടുവെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ കര്‍ണാടക ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവുവും. സംഭവ സ്ഥലത്ത് മലയാളികൾ ഉൾപ്പെട്ടതായി സൂചന.

തെക്കൻ കശ്മീരിലെ പഹൽഗാമിലാണ് ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കാടുകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്തേക്ക് എത്തിച്ചേരാനാകൂ. പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ട്രെക്കിം​ഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആസൂത്രിതമായ ആക്രമാണെന്നാണ് നിഗമനം. പ്രദേശത്തെ ഏറ്റവും തിരക്കേറിയ സീസൺ ആണിപ്പോൾ.

ആക്രമണത്തിന് ശേഷം ഭീകരർ പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടു. വെടിയേറ്റ ആളുടെ ഭാര്യയാണ് പൊലീസ് കൺട്രോൾ റൂമിൽവിവരം അറിയിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.