india

കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍

By webdesk14

May 30, 2025

കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡയെ കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലക്കിയിരിക്കുന്നത്. തെറ്റ് ചെയ്താലേ തിരുത്താറുള്ളൂവെന്നും അതിനാല്‍ തന്നെ താന്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിലക്കിന് ശേഷം കമല്‍ഹാസന്‍ പ്രതികരിച്ചു. മുന്‍പും തനിക്ക് ഇത്തരം പല ഭീഷണികള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കന്നഡ തമിഴില്‍ നിന്നാണ് രൂപം കൊണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെ പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി.

കന്നഡയുമായി ബന്ധപ്പെട്ട കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലാകെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ആള്‍ക്കൂട്ടം തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പരാമര്‍ശങ്ങള്‍ തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക രക്ഷണ വേദികെ ഔദ്യോഗികമായി പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.