kerala

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരക്കായി കൂടരഞ്ഞി മാതാ ക്വാറിയിലും തിരച്ചില്‍

By webdesk18

January 28, 2025

നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരക്കായി കൂടരഞ്ഞി മാതാ ക്വാറിയില്‍ തിരച്ചില്‍ നടത്തി തിരുവമ്പാടി പൊലീസ്. കഴിഞ്ഞ ഒരു മാസം മുമ്പ് വരെ ചെന്താമര ഇവിടെ ജോലി ചെയ്തിരുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തിരുവമ്പാടി, കൂമ്പാറ, കൂടരഞ്ഞി ഭാഗങ്ങളിലും മുക്കം, തിരുവമ്പാടി പൊലീസ് സംയുക്തമായി അന്വേഷിക്കുന്നുണ്ട്.

പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളില്‍ ഒന്നിന്റെ സിഗ്‌നല്‍ തിരുവമ്പാടിയില്‍ കാണിച്ചിരുന്നു. പിന്നീട് ഫോണ്‍ ഓഫാവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ നഗറില്‍ അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും മകന്‍ സുധാകരനെയും സമീപവാസിയായിരുന്ന ചെന്താമര കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ 2019ല്‍ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര വീണ്ടും കൊലപാതകം നടത്തുകയായിരുന്നു. ചെന്താമരയുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുധാകരന്റെ കുടുംബം ഇതിനു മുന്‍പും പരാതി നല്‍കിയെങ്കിലും പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്നാണ് സുധാകരന്റെ മകളും നാട്ടുകാരും പറയുന്നത്.