kerala

പുലിപ്പല്ല് കേസ്; വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും

By nazmiya nazreen

April 30, 2025

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. പുലിപ്പല്ല് നല്‍കിയ ആരാധകന്‍ രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ രഞ്ജിത്തുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

അതേസമയം, രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികരണം.

വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വേടന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പുലിപ്പല്ല് വെള്ളിയില്‍ കെട്ടി ലോക്കറ്റ് ആക്കി നല്‍കിയ വിയ്യൂരിലെ ജ്വല്ലറിയില്‍ വേടനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

വേടനുമായി മുന്‍പ് പരിചയമില്ലെന്നും ജ്വല്ലറി ഉടമ മൊഴി നല്‍കി. കേസില്‍ ഇയാളെ സാക്ഷിയാകുന്നു നടപടികളിലേക്ക് നീങ്ങാന്‍ ഒരുങ്ങുകയാണ് വനം വകുപ്പ്. ജാമ്യപേക്ഷ വെള്ളിയാഴ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസത്തേക്ക് വേടന്‍ ജയിലില്‍ കഴിയേണ്ടി വരും. വേടന് കഞ്ചാവ് കൈമാറിയ സംഘത്തെയും ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്.