Dr.Muhammed Muflih Founder Young Seniors Foundation
ആഗോളതലത്തിൽ, മാനവരാശിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ആയുർദൈർഘ്യത്തിലുണ്ടായ വർദ്ധനവ്. ആരോഗ്യരംഗത്തുണ്ടായ ഒരു പുരോഗതിയാണ് ഇതിനു അടിസ്ഥാനം. ജനസംഖ്യാശാസ്ത്രത്തിലെ (Demography) ഈ മാറ്റം ലോകത്തെ ഒരു ‘വാർദ്ധക്യ സമൂഹ’മായി (Ageing Society) മാറ്റിക്കൊണ്ടിരിക്കുകയാണ് 2050-ഓടെ ലോക ജനസംഖ്യയുടെ ആറിൽ ഒരാൾ 60 വയസ്സിന് മുകളിലുള്ളവരായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വയോജനങ്ങൾ ഒരു സാമൂഹിക വെല്ലുവിളിയായിട്ടല്ല ഈ പ്രത്യേക സാഹചര്യത്തെ നിർവ്വചിക്കേണ്ടത്. മറിച്ച് , അവരുടെ ക്ഷേമം, അവകാശങ്ങൾ, സജീവമായ പങ്കാളിത്തം എന്നിവ ഉറപ്പാക്കി പുതിയ സാമൂഹികക്രമത്തെ രൂപപ്പെടുത്തികൊണ്ടായിരിക്കണം.
വയോജനങ്ങളുടെ ക്ഷേമം എന്നത് കേവലം പ്രാദേശികമായ ഒരു പ്രശ്നമല്ല, മറിച്ച് മനുഷ്യാവകാശം, സുസ്ഥിര വികസനം, സാർവത്രിക ആരോഗ്യ പരിരക്ഷ എന്നീ ആഗോള വിഷയങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് അത്.
വയോജനങ്ങളുടെ എണ്ണം വർദ്ധിചുവരുന്ന സാഹചര്യത്തിൽ, അവരുടെ ക്ഷേമം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും (WHO) നേതൃത്വത്തിൽ ശക്തമായ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
ലോകാരോഗ്യ സംഘടനയുടെ (WHO) ചുവടുവെപ്പുകൾ ഏജ്-ഫ്രണ്ട്ലി സിറ്റിസ് ആൻഡ് കമ്മ്യൂണിറ്റിസ് (Age-Friendly Cities and Communities):
നഗരങ്ങളെയും പ്രാദേശിക സമൂഹങ്ങളെയും വയോജനസൗഹൃദപരമായി മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പൊതുഗതാഗതം, പാർപ്പിടം, സാമൂഹിക പങ്കാളിത്തം, കമ്മ്യൂണിക്കേഷൻ, ആരോഗ്യ സേവനങ്ങൾ എന്നിവയെല്ലാം വയോജനങ്ങൾക്ക് എളുപ്പത്തിൽ പ്രാപ്യമാക്കണം എന്ന് ഈ പദ്ധതി നിഷ്കർഷിക്കുന്നു.
നഗരങ്ങൾ ഈ മാനദണ്ഡങ്ങൾ സ്വീകരിക്കുകയും അംഗീകാരം നേടുകയും ചെയ്യുന്നു.
Global Strategy and Action Plan on Ageing and Health വാർദ്ധക്യം, ആരോഗ്യം എന്നിവ സംബന്ധിച്ച ആഗോള രീതിശാസ്ത്രവും കർമ്മ പദ്ധതിയും
2016-2030 കാലയളവിൽ എല്ലാവർക്കും ആരോഗ്യകരമായ വാർദ്ധക്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ WHO ആവിഷ്കരിച്ച പദ്ധതിയാണിത്.
Decade of Healthy Ageing 2021–2030 വാർദ്ധക്യ ദശക പ്രഖ്യാപനം
ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ നടപ്പാക്കുന്ന ഈ പദ്ധതി, വാർദ്ധക്യത്തെക്കുറിച്ചുള്ള ചിന്താഗതി മാറ്റുക, സമൂഹത്തിൽ വയോജനങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക, പരിചരണം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിടുന്നു.
ഐക്യരാഷ്ട്രസഭയുടെ പങ്ക്: മാഡ്രിഡ് ഇന്റർനാഷണൽ പ്ലാൻ ഓഫ് ആക്ഷൻ ഓൺ ഏജിംഗ് (MIPAA 2002):
വാർദ്ധക്യത്തെക്കുറിച്ചുള്ള ആഗോള നയരേഖയാണിത്. വയോജനങ്ങളും വികസനവും, ആരോഗ്യകരമായ വാർദ്ധക്യം, അനുകൂലമായ ചുറ്റുപാടുകൾ ഉറപ്പാക്കൽ എന്നിവയാണ് ഇതിൻ്റെ പ്രധാന മൂന്ന് മുൻഗണനാ മേഖലകൾ.
Convention on the Rights of Older Persons വയോജന അവകാശങ്ങൾക്കായുള്ള കൺവെൻഷൻ
വയോജനങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു പ്രത്യേക അന്താരാഷ്ട്ര ഉടമ്പടി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ സജീവമാണ്.
എന്തുകൊണ്ട് കേരളം ഇപ്പോഴും ഒരു വയോജനസൗഹൃദ സമൂഹമായി മാറിയിട്ടില്ല!
കേരളം ഉയർന്ന ആയുർദൈർഘ്യവും വിദ്യാഭ്യാസവുമുള്ള സംസ്ഥാനമാണ്. അതോടൊപ്പം ശക്തമായ കുടുംബബന്ധങ്ങളും മൂല്യബോധങ്ങളും മുറുകെപ്പിടിക്കുന്ന ഒരു സമൂഹമാണ്. എന്നിട്ടും നാം ഇപ്പോഴും പൂർണ്ണമായും ഒരു വയോജന സൗഹൃദ സമൂഹമായി മാറിയിട്ടുണ്ടോ എന്നത് നാം ആത്മ പരിശോധന നടത്തേണ്ടതുണ്ട്.
പലകാരണങ്ങൾ അതിനു പിന്നിലുണ്ടാകാം.
സ്ഥലപരിമിതികളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും:
പൊതു ഇടങ്ങൾ: പല നഗരങ്ങളിലും നടപ്പാതകൾ, കൈവരികൾ, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, പൊതു ടോയ്‌ലെറ്റുകൾ എന്നിവയുടെ കുറവ് വയോജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരത്തിനു തടസ്സമാകുന്നു.
ഗതാഗതം: നിലവിൽ വയോജനങ്ങളെ പരിഗണിച്ചുകൊണ്ടുള്ള പ്രത്യേക സൗകര്യങ്ങളുടെ അഭാവം മൂലം ബസുകളിലും മറ്റ് പൊതുവാഹനങ്ങളിലും വയോജനങ്ങൾക്ക് ഒറ്റക്ക് കയറാനും ഇറങ്ങാനും യാത്ര ചെയ്യാനും പ്രയാസമുണ്ടാകുന്നു.
അണുകുടുംബ വ്യവസ്ഥയും ഒറ്റപ്പെടലും:
പ്രവാസവും നഗരവൽക്കരണവും കാരണം കുടുംബബന്ധങ്ങൾ ശിഥിലമാകുന്നത് വയോജനങ്ങളെ കടുത്ത ഏകാന്തതയിലേക്കും വിഷാദത്തിലേക്കും നയിക്കുന്നു എന്നതൊരു വസ്തുതയാണ്.
സാമൂഹിക സ്റ്റിഗ്മ:
വാർദ്ധക്യത്തെ ഒരു ‘ഭാരം’ ആയോ, ‘കഴിവില്ലായ്മ’യായോ സമൂഹം കാണുന്നത് അവരുടെ ആത്മാഭിമാനം തകർക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ കാരണം അവർ ചികിത്സ തേടാൻ പോലും മടിക്കുന്നു.
വിവേചനം നിറഞ്ഞ നയങ്ങൾ:
പുതിയ സാങ്കേതിക വിദ്യകൾ, ഓൺലൈൻ സേവനങ്ങൾ എന്നിവ വയോജനങ്ങൾക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിൽ രൂപകൽപ്പന ചെയ്യുന്നത് അവരെ സാമൂഹികമായി അത്തരം സർക്കിളുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടവരായി മാറ്റുന്നു.
ചികിത്സാ ചെലവ്:
വാർദ്ധക്യസഹജമായ രോഗങ്ങൾക്കുള്ള ചികിത്സാ ചെലവ് ഉയരുന്നത് സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വയോജനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നു.
കേരളം ഒരു വയോജന സൗഹൃദ സമൂഹമായി മാറാൻ എന്തെല്ലാം ചെയ്യണം? കേരളം ഈ ലക്ഷ്യം കൈവരിക്കാൻ താഴെ പറയുന്ന സമഗ്രമായ നടപടികൾ സ്വീകരിക്കണം:
പ്രാദേശിക ഭരണകൂടങ്ങളുടെ ശാക്തീകരണം: കമ്മ്യൂണിറ്റി സെന്ററുകൾ: ഓരോ വാർഡിലും വയോജനങ്ങൾക്ക് പരസ്പരം ഇടപെഴകാനും വിനോദങ്ങളിൽ ഏർപ്പെടാനും കഴിയുന്ന വയോജന പകൽവീടുകൾ (Day Care Centers) കൂടുതൽ സജ്ജമാക്കണം.
വാർഡ് തല കൗൺസിലുകൾ: വയോജനങ്ങളെ ഉൾപ്പെടുത്തി പ്രത്യേക വാർഡ് തല സമിതികൾ രൂപീകരിച്ച്, വികസന പദ്ധതികളിൽ അവരുടെ അഭിപ്രായങ്ങൾ പറയാനും ഇടപെടാനും അവസരമൊരുക്കണം.
കെട്ടിട ,ഗതാഗത പരിഷ്കരണം:
ബസ് സ്റ്റോപ്പുകൾ, പൊതു റോഡുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിൽ വീൽചെയറുകൾ ഉപയോഗിക്കാൻ സാധിക്കുന്ന റാമ്പുകൾ, കൈവരികൾ, ആവശ്യത്തിന് ഇരിപ്പിടങ്ങൾ എന്നിവ നിർബന്ധമാക്കണം.
പൊതുഗതാഗത സംവിധാനങ്ങളിൽ വയോജനങ്ങൾക്ക് സൗകര്യപ്രദമായ സീറ്റുകളും കയറാനും ഇറങ്ങാനുമുള്ള സംവിധാനങ്ങളും ഉറപ്പാക്കണം.
ആരോഗ്യ, സാമ്പത്തിക സുരക്ഷ:
വയോജനങ്ങൾക്ക് വീടുകളിൽ തന്നെ പരിചരണം എത്തിക്കുന്ന ഹോം കെയർ (Home Care) സംവിധാനങ്ങളും പാലിയേറ്റീവ് കെയർ സേവനങ്ങളും കൂടുതൽ ശക്തിപ്പെടുത്തണം.
പെൻഷൻ, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ സമയബന്ധിതമായി വിതരണം ചെയ്യുകയും, ചികിത്സാ ചിലവ് ലഘൂകരിക്കുകയും വേണം.
അന്തർ-തലമുറ കൂട്ടായ്മ:
സ്കൂളുകളിലും കോളേജുകളിലും വയോജന ദിനം പോലുള്ള അവസരങ്ങളിൽ കുട്ടികളും മുതിർന്നവരും ഒരുമിക്കുന്ന അന്തർ-തലമുറ പരിപാടികൾ (Inter-generational Programs) പ്രോത്സാഹിപ്പിക്കുക.
യുവജനങ്ങളെ ഉപയോഗിച്ച് വയോജനങ്ങൾക്ക് സാങ്കേതികവിദ്യ (മൊബൈൽ, ഓൺലൈൻ ബാങ്കിംഗ്) എന്നിവയിൽ പരിശീലനം നൽകുക.
ഈ കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ കേരളത്തിന്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു യഥാർത്ഥ വയോജന സൗഹൃദ സമൂഹമായി മാറാൻ സാധിക്കുകയുള്ളൂ.
ഒരു ശുഭകരമായ മാറ്റം എന്താണെന്നുവെച്ചാൽ കേരള സമൂഹം ഇപ്പോൾ വയോജന സംരക്ഷണത്തെ കുറിച്ച് കുറച്ചുകൂടി ഉത്തരവാദിത്തമുള്ളവരായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. വയോജന ക്ഷേമം ഒരു വ്യക്തിഗത ഉത്തരവാദിത്തമല്ല, മറിച്ച് സാമൂഹിക കടമയാണ് എന്ന കാഴ്ചപ്പാടിലേക്ക് കേരളം മുന്നേറുന്നുണ്ട്
മുതിർന്ന അംഗങ്ങൾക്കുവേണ്ടി പകൽ വീടുകൾ പോലെയുള്ള പലപദ്ധതികളും സർക്കാർ തലത്തിലും സാമൂഹിക സംഘടനകളുടെ നേതൃത്വത്തിലും നടന്നുവരുന്നുണ്ട്. അതോടൊപ്പം മുതിർന്ന അംഗങ്ങളിലെ പരിചരണം ആവശ്യമുള്ളവർക്കായി നിരവധി പാലിയേറ്റീവ് പ്രവർത്തനങ്ങളും കൂടുതലായി നടന്നുവരുന്നുണ്ട്. ഇവയെല്ലാം ‘വയോജനസൗഹൃദ സമൂഹം’ എന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിൻ്റെ പ്രയാണത്തിന് ശക്തി പകരുന്ന ചുവടുകളാണ്. നമ്മുടെ സമൂഹം പൂർണ്ണമായും ഒരു വയോജനസൗഹൃദ സമൂഹമായി മാറുന്ന നല്ലനാളുകൾക്കായി നമുക്ക് കാത്തിരിക്കാം .