ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ബലിയ അസംസ്‌കൃത എണ്ണ നിക്ഷേപം കണ്ടെത്തി. ജില്ലയിലെ സാഗര്‍പാലി ഗ്രാമത്തിന് സമീപം സ്വാതന്ത്ര്യ സമര സേനാനി ചിട്ടു പാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വന്‍ അസംസ്‌കൃത എണ്ണ ശേഖരം കണ്ടെത്തിയത്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) പര്യവേക്ഷണ ശ്രമങ്ങള്‍ ആരംഭിച്ചു.
മൂന്ന് മാസത്തെ സര്‍വേയ്ക്ക് ശേഷമാണ് ഗംഗാ നദീ തടത്തില്‍ 3000 മീറ്റര്‍ ആഴത്തില്‍ എണ്ണ ശേഖരം കണ്ടെത്തിയത്. കൂടുതല്‍ ആഴത്തില്‍ എണ്ണ ശേഖരം ഉണ്ടെന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പാണ്ഡെയുടെ കുടുംബത്തില്‍നിന്ന് മൂന്ന് വര്‍ഷത്തേക്ക് ആറര ഏക്കര്‍ ഭൂമി പ്രതിവര്‍ഷം 10 ലക്ഷം രൂപ നിരക്കില്‍ ഒഎന്‍ജിസി പാട്ടത്തിനെടുത്തിട്ടുണ്ട്.
ഏപ്രില്‍ അവസാനത്തോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാല്‍, ഗംഗാ നദീതടത്തിലെ മറ്റ് സ്ഥലങ്ങളിലും സമാനമായ ഖനനം തുടങ്ങും. ഇതിന് പ്രാദേശിക കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുക്കും.