india

മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം; മുഖ്യ സംഘാടകന്‍ അറസ്റ്റില്‍

By webdesk18

December 14, 2025

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശന പരിപാടിയുടെ മുഖ്യ സംഘാടകന്‍ അറസ്റ്റില്‍. ശതാദ്രു ദത്തയാണ് അറസ്റ്റിലായത്. മെസ്സിയുടെ ഗോട്ട് ഇന്ത്യ ടൂര്‍2025ന്റെ പ്രൊമോട്ടറും മുഖ്യ സംഘാടകനുമായ ഇയാളെ പശ്ചിമബംഗാള്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ബിധാന്‍നഗര്‍ കോടതിയില്‍ ഹാജരാക്കിയ ദത്തയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ദത്തയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. കൊല്‍ക്കത്തയില്‍ ഇന്ന് (ശനിയാഴ്ച) നടന്ന പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചതിനെ പിന്നാലെയാണ് നടപടി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയുടെ നടത്തിപ്പിലെ വീഴ്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

മെസ്സിയെ കാണാനാവാതെ വന്നതോടെ അക്രമാസക്തരായി സ്‌റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയ ആരാധകരില്‍ ചിലര്‍ പരിപാടിക്കായി ഒരുക്കിയ സംവിധാനങ്ങളെല്ലാം നശിപ്പിക്കുകയായിരുന്നു. ഗാലറിയില്‍നിന്ന് കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ഒടുവില്‍ പൊലീസ് ലാത്തി വീശിയാണ് രംഗം നിയന്ത്രണവിധേയമാക്കിയത്.