kerala

പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ കൊല്ലാന്‍ കൂടുതല്‍ സംഘങ്ങള്‍ എത്തും

By webdesk18

January 26, 2025

വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ കൂടുതല്‍ സംഘങ്ങള്‍ എത്തും. എട്ടുപേര്‍ വീതമുള്ള 10 സംഘങ്ങളാണ് വയനാട്ടിലേക്ക് ഇതിനായി എത്തുന്നത്. പൊലീസിലെ ഷാര്‍പ്പ് ഷൂട്ടേഴ്‌സും സംഘത്തില്‍ ഉള്‍പ്പെടും. കടുവയെ എത്രയും പെട്ടെന്ന് കണ്ടെത്തി വെടിവെച്ച് കൊല്ലും. പ്രദേശത്ത് കര്‍ഫ്യൂ കൂടുതല്‍ ശക്തമാക്കും.

അതേസമയം, പ്രദേശത്ത് എത്തിയ വനംവകുപ്പ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചുകെണ്ട് നാട്ടുകാര്‍ രംഗത്തെത്തി. വഴിയില്‍ കിടന്നും ഇരുന്നും ജനങ്ങള്‍ പ്രതിഷേധിച്ചതോടെ മന്ത്രിക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെയായി. മന്ത്രി നടത്തിയ മുന്‍ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കാട്ടില്‍ നിന്ന് രാധ ആക്രമിക്കപ്പെട്ടു എന്ന പ്രസ്താവനയും, പ്രതിഷേധം രാഷ്ട്രീയ പ്രേരിതം എന്ന പ്രസ്താവനയും പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധവും നടന്നു.

കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ തന്നെയാണ് നേരത്തെ അറിയിച്ചത്. അനുയോജ്യമായ സ്ഥലത്ത് വെച്ച് വെടി വെച്ചു കൊല്ലും.കടുവയെ ഇനി മയക്കുവെടി വെക്കില്ലെന്നും പ്രദേശത്ത് ഒന്നാം തീയതിക്കകം കൂടുതല്‍ ക്യാമറ സ്ഥാപിക്കുമെന്നും അടിക്കാടുകള്‍ മൂന്നു ഘട്ടമായി വെട്ടുമെന്നും മന്ത്രി വ്യക്തമാക്കി.