kerala

ഒമ്പതു വയസ്സുകാരി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശുപത്രി ഡോക്ടര്‍മാര്‍ക്കും നഴ്‌സിനുമെതിരെ പരാതി നല്‍കി മാതാവ്

By webdesk18

October 17, 2025

താമരശ്ശേരിയിലെ ഒമ്പതു വയസ്സുകാരി മരിച്ച സംഭവത്തില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സിനും എതിരെ പരാതി നല്‍കി മാതാവ്. ചികിത്സ പിഴവ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മാതാവ് പരാതി നല്‍കിയത്. മകളെ ശ്രദ്ധിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരേയും ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തങ്ങളോട് മോശമായി സംസാരിച്ച നഴ്‌സിനെതിരേയുമാണ് പരാതി നല്‍കിയിട്ടുള്ളത്.

‘താലൂക്ക് ആശുപത്രിയിലെ ചികില്‍സാ പിഴവ് മൂലം തന്നെയാണ് കുട്ടി മരിച്ചത്. ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടു. മകളുടെ മരണം ചികില്‍സാ പിഴവു മൂലം തന്നെയാണ്. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ വേണ്ടരീതിയില്‍ ശ്രദ്ധിച്ചില്ല. തങ്ങള്‍ നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞു’- മാതാവ് പറഞ്ഞു.