kerala

പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി എന്‍.രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും

By nazmiya nazreen

April 23, 2025

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി എന്‍.രാമചന്ദ്രന്റെ മൃതദേഹം ഇന്ന് വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. കളക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം ഏറ്റുവാങ്ങുന്ന മൃതദേഹം ഇന്നും നാളെയും മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ 9 മണി വരെ ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെക്കും. 9.30യോടെ വീട്ടിലെത്തിക്കും. 12 മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തും.

ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ മകള്‍ക്കും പേരക്കുട്ടികള്‍ക്കും ഭാര്യക്കും ഒപ്പം അവധി ആഘോഷിക്കാനായി തിങ്കളാഴ്ച രാവിലെയാണ് എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്‍ ജമ്മു കശ്മീരിലേക്ക് യാത്ര തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ പഹല്‍ഗാവില്‍ എത്തി. ഒടുവില്‍ മകളും പേരക്കുട്ടികളും നോക്കിനില്‍ക്കെയാണ് രാമചന്ദ്രന്‍ വെടിയേറ്റ് മരിച്ചത്. വൈകുന്നേരത്തോടെ ബന്ധുക്കള്‍ രാമചന്ദ്രന്റെ മരണവാര്‍ത്ത അറിഞ്ഞു.