Video Stories

കൊല്ലങ്കോട് അങ്കണവാടികളില്‍ വന്‍ അഴിമതി; 58 ലക്ഷം രൂപയുടെ ക്രമക്കേട്

By webdesk18

October 09, 2025

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് അങ്കണവാടികളിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതില്‍ വന്‍ അഴിമതി നടന്നതായി കണ്ടെത്തി. സെക്ഷം പദ്ധതിയുടെ പേരില്‍ കൂടുതലായ വിലയ്ക്ക് ഓര്‍ഡര്‍ നല്‍കി, പിന്നീട് കുറഞ്ഞ വിലയിലുള്ള സാധനങ്ങള്‍ വാങ്ങിയതിലൂടെയാണ് തട്ടിപ്പ് നടന്നത്.

ആകെ 1.31 കോടി രൂപയുടെ ഇടപാടില്‍ 58 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധനങ്ങളുടെ ബില്ലുകളും ബന്ധപ്പെട്ട രേഖകളും മാധ്യമങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്.

‘വണ്‍ ബിയോണ്ട് സൊലൂഷന്‍’ എന്ന സ്ഥാപനം വഴി ജെം പോര്‍ട്ടലില്‍ നിന്നാണ് വാങ്ങലുകള്‍ നടന്നത്. കൊല്ലങ്കോട് ഐസിഡിസി 89 വാട്ടര്‍ പ്യൂരിഫയറുകള്‍ വാങ്ങിയപ്പോള്‍, ഓരോന്നിനും 5,259 രൂപ അധികം ചെലവഴിച്ചു ഇതിലൂടെ ഏകദേശം 3.8 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഇതേ കമ്പനി തൃശൂര്‍ ജില്ലയിലെ അങ്കണവാടികളിലേക്ക് ഇതേ പ്യൂരിഫയര്‍ വെറും 10,000-ക്കാണ് നല്‍കിയിരുന്നത്.

കൊല്ലങ്കോട് ഐസിഡിസിന്റെ കീഴിലുള്ള 142 അങ്കണവാടികള്‍ക്കായി 19 ഇനം സാധനങ്ങളാണ് വാങ്ങിയത്. ആകെ 1.31 കോടി ചെലവഴിച്ചിട്ടും വിതരണം ചെയ്തത് 89 ലക്ഷം രൂപയുടെ സാധനങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്ഥാപനങ്ങളും ഐസിഡിസി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നതാണ് സൂചന. സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ബ്ലോക്ക് തല പ്രോക്ക്യൂര്‍മെന്റ് കമ്മിറ്റിയുടെ അനുമതിയും അട്ടിമറിക്കപ്പെട്ടതായി ആരോപണം. എങ്കിലും, എല്ലാ നടപടികളും സുതാര്യമായിരുന്നുവെന്നാണ് ഐസിഡിസി ഉദ്യോഗസ്ഥരുടെ വിശദീകരണം.