india

ആര്‍.ജി.കര്‍ ബലാത്സംഗക്കേസ്; ശിക്ഷ വിധി ഇന്ന്

By webdesk18

January 20, 2025

കൊല്‍ക്കത്ത: ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏകപ്രതി സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലെ ശിക്ഷാവിധിയിലാണ് വാദം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് സിബിഐയുടം ആവശ്യം. ഏറ്റവും വലിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ വധശിക്ഷയും, ചെറിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ ജീവപര്യന്തവും നല്‍കുമെന്നാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കോടതി വ്യക്തമാക്കിയത്.

2024 ഓഗസ്റ്റ് ഏഴിനായിരുന്നു ക്രൂരമായ കൊലപാതകം. 31കാരിയായ പിജി വിദ്യാര്‍ത്ഥിനിയായ വനിതാ ഡോക്ടറെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടുവെന്നായിരുന്നു ഗുരുതര ആക്ഷേപം. തുടര്‍ന്നാണ് കല്‍ക്കട്ട ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചതും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതും.