kerala

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണത്തിന് നടപടി ആരംഭിച്ച് ഇ.ഡി

By webdesk18

December 20, 2025

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എഫ്.ഐ.ആറിന്റെ പകര്‍പ്പ് പ്രത്യേക അന്വേഷണസംഘം കൈമാറണമെന്ന ഇ.ഡിയുടെ ആവശ്യം കൊല്ലം വിജിലന്‍സ് കോടതി അനുവദിച്ച സാഹചര്യത്തിലാണ് നടപടികള്‍ ആരംഭിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആറിന്റെ മുദ്രവെച്ച പകര്‍പ്പ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി നേരത്തെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വീണ്ടും അപേക്ഷ പരിഗണിക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്നാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. നേരത്തെതന്നെ അനൗദ്യോഗികമായി പ്രാഥമികാന്വേഷണം ഇ.ഡി ആരംഭിച്ചിട്ടുണ്ടെങ്കിലും രേഖകള്‍ ലഭ്യമായിരുന്നില്ല. കോടതി ഉത്തരവോടെ രേഖകള്‍ ലഭിക്കുമെന്നതിനാല്‍ അടുത്ത ദിവസംതന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും.