തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ ഇന്ന് നിര്‍ണായക ദിനം. മൂന്നാംഘട്ട അന്വേഷ ണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘം കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. അന്വേഷണത്തിനായി കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സമയം തേടുന്നത്. മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷമുളള അന്വേഷണ പുരോഗതികള്‍ ഇന്ന് കോടതിയെ അറിയിക്കും. ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.
തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടിയേക്കും
അന്വേഷണത്തിന്റെ അടുത്ത നീക്കവും എസ്.ഐ.ടി കോടതിയെ അറിയിക്കും. കേസിന്റെ തുടര്‍ നടപടികളില്‍ ഇന്നത്തെ ഹൈക്കോടതിയുടെ തീരുമാനവും നിര്‍ണായകമാണ്. കോടതി പുതിയ എന്തെങ്കിലും നിര്‍ദേശം അന്വേഷണ സംഘത്തിന് നല്‍കാനും സാധ്യതയുണ്ട്. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം ആയതിനാല്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമായി കോടതിയെ എസ്.ഐ.ടി ധരിപ്പിക്കും.
തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവരുടെ മൊഴി എസ്.ഐ.ടി എടുത്തിരുന്നു. സ്വര്‍ണപ്പാളിയില്‍ അനുമതി നല്‍കിയത് ദേവസ്വം ഉദ്യോഗസ്ഥര്‍ പറഞ്ഞത് പ്രകാരമാണെന്നാണ് തന്ത്രിമാരുടെ മൊഴി
പത്മകുമാറിന് ജാമ്യമില്ല
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ശനിയാഴ്ച യാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ പത്മകുമാര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.