kerala

ശബരിമല സ്വര്‍ണക്കൊള്ള; സ്മര്‍ട്ട് ക്രിയേഷന്‍സ് വേര്‍തിരിച്ചത് ഒരു കിലോയ്ക്കടുത്ത് സ്വര്‍ണം, രേഖകള്‍ പിടിച്ചെടുത്തു

By webdesk18

December 20, 2025

ശബരിമല സ്വര്‍ണകൊള്ളയില്‍ സ്മര്‍ട്ട് ക്രിയേഷന്‍സ് സ്വര്‍ണപ്പാളികളില്‍നിന്ന് വേര്‍തിരിച്ചത് ഒരു കിലോയ്ക്കടുത്ത് സ്വര്‍ണം. സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി എടുത്തത് 96 ഗ്രാം സ്വര്‍ണമാണെങ്കിലും ജ്വല്ലറിയുടമയായ ഗോവര്‍ധനെ ഏല്‍പ്പിച്ചത് 474 ഗ്രാം സ്വര്‍ണ്ണമാണെന്നത് അടക്കമുള്ള രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. 14 പാളികളില്‍ നിന്നായി 577 ഗ്രാമും സൈഡ് പാളികളില്‍ നിന്ന് 409 ഗ്രാമുമാണ് വേര്‍തിരിച്ചെടുത്തിരുന്നത്.

കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ ഇവര്‍ നിഷേധിച്ചിരുന്നു. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത് പോലൊരു പ്രവര്‍ത്തി തങ്ങള്‍ ചെയ്തിട്ടില്ലെന്നും സ്വര്‍ണം പൂശുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു മൊഴി. എന്നാല്‍, ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള രേഖകള്‍ അന്നുതന്നെ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. അതിന് പിന്നാലെയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ കേസിന്റെ പ്രാഥമികഘട്ടത്തില്‍ ചോദ്യം ചെയ്തത്. ഇതിനെതുടര്‍ന്ന് ശബരിമല സ്വര്‍ണം വേര്‍തിരിച്ചിട്ടുണ്ടെന്ന് അന്ന് ഭണ്ഡാരി സമ്മതിച്ചിരുന്നു.

ഇന്നലെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൂടുതല്‍ പിടിച്ചെടുത്തതോടെയാണ് പങ്കജ് ഭണ്ഡാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു കിലോയ്ക്കടുത്ത് സ്വര്‍ണം വേര്‍തിരിച്ചെടുത്തിട്ടുണ്ടെന്നാണ് രേഖകളിലുള്ളത്. ഇതിനപ്പുറത്തേക്ക് ഇവര്‍ തമ്മില്‍ മറ്റെന്തിങ്കിലും ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് അറിയേണ്ടതുണ്ട്.